സാമൂഹികമാധ്യമങ്ങളിലൂടെ ആരോഗ്യനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന ‘ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക്’ കടിഞ്ഞാണിടാന്‍ കേന്ദ്രം

ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിലൂടെ ആരോഗ്യനിർദേശങ്ങൾ പുറപ്പെടുവിക്കുന്ന ‘ഇൻഫ്ളുവൻസർമാർക്ക്’ കടിഞ്ഞാണിടാൻ കേന്ദ്രം. ആരോഗ്യ നിർദേശങ്ങൾ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകർ, ഫിറ്റ്‌നസ് വിദഗ്ധർ എന്നിവർ നൽകണമെന്നും ഈ സമയം താൻ വിദഗ്‌ധനാണെന്ന് തെളിയിക്കുന്ന നിയമപരമായ മുന്നറിയിപ്പും സ്‌ക്രീനിന് താഴെ എഴുതിക്കാണിക്കണമെന്നുമാണ് നിർദേശം. ഇതുസംബന്ധിച്ച വിശദമാർഗനിർദേശം ഉപഭോക്തൃകാര്യമന്ത്രാലയം പുറത്തിറക്കി. ‘ഒരു സർട്ടിഫൈഡ് പോഷകാരോഗ്യ വിദഗ്‌ധൻ എന്ന നിലയിൽ ഞാൻ ശുപാർശചെയ്യുന്നു’, എനിക്ക് ലഭിച്ച പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ശുപാർശ ചെയ്യുന്നു’… എന്നിങ്ങനെയുള്ള മുന്നറിയിപ്പാണ് നൽകേണ്ടത്. പൊതുവായ ആരോഗ്യനിർദേശങ്ങൾ നൽകുന്നവർക്ക് ഇത് ബാധകമല്ല. ഉദാഹരണത്തിന് ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക തുടങ്ങിയവ പൊതുവായ നിർദേശങ്ങളാണ്. എന്നാൽ, പ്രത്യേക രോഗത്തിന് ഈ ചികിത്സ ചെയ്താൽ ഫലപ്രാപ്തിയുണ്ടാകും എന്ന തരത്തിലുള്ള നിർദേശങ്ങൾ വൈദഗ്‌ധ്യമില്ലാത്തവർ നൽകരുതെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്

