662 കോടി രൂപയുടെ അഴിമതി ; കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

കർണ്ണാടക : 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിൽ കർണ്ണാടക മുഖ്യമന്ത്രി ബി.എസ് . യെദ്യുരപ്പ രാജിവയ്ക്കണമെന്ന് കോൺഗ്രസ് . കർണ്ണാടക ബിജെപി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുന്നുവെന്നും ആരോപിച്ചു . ബെംഗളൂരു വികസന അതോറിറ്റി കരാറുകാരനിൽ നിന്ന് യെദ്യുരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണത്തെ പരാമർശിച്ചാണ് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി രംഗത്തെത്തിയത് . ബിജെപിക്കും മുഖ്യമന്ത്രിക്കും ലജ്ജയുണ്ടെങ്കിൽ യെദ്യുരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് സിംഗ്വി പറഞ്ഞു . യെദ്യുരപ്പയുടെ കാര്യത്തിൽ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു .

