‘ഓൺ യുവർ മാർക്ക്’; ജില്ലയുടെ കായിക വികസനത്തിന് മാർഗരേഖ

കാസർകോട് ∙ ജില്ലാ ഒളിംപിക് അസോസിയേഷൻ തയാറാക്കിയ ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രോജക്ട് പ്രകാശനം ചെയ്തു. കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്സൻ കെ.വി.സുജാതയ്ക്കു നൽകിയാണ് സമഗ്ര കായിക വികസന പ്രോജക്ട് പ്രകാശനം ചെയ്തത്. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ടി.വി.ബാലൻ അധ്യക്ഷത വഹിച്ചു.
കാസർകോട് വികസന പാക്കേജ് സ്പെഷൽ ഓഫിസർ ഇ.പി.രാജ് മോഹൻ, പടന്നക്കാട് നെഹ്റു എജ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി കെ.രാമനാഥ്, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അഷറഫ് കർള, വോളിബോൾ ഇന്ത്യൻ കോച്ച് ടി.ബാലചന്ദ്രൻ ഫുട്ബോൾ കോച്ച് പി.കുഞ്ഞിക്കൃഷ്ണൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പള്ളം നാരായണൻ, ഡോ.എം.കെ.രാജശേഖരൻ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി എം.അച്യുതൻ, ട്രഷറർ വി.വി.വിജയമോഹനൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ശ്രമങ്ങൾ
3 വർഷത്തിനകം ജില്ലയുടെ കായിക വികസനത്തിന് കുതിപ്പുണ്ടാക്കാൻ സമഗ്ര കായിക വികസന പ്രോജക്ട് സഹായകമാകുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ഒളിംപിക് അസോസിയേഷൻ ഇത്തരത്തിൽ കായിക വികസന പ്രോജക്ട് തയാറാക്കുന്നത്.
സർക്കാരിന്റെ സഹായം മാത്രം ആശ്രയിക്കാതെ സ്വകാര്യ സംരംഭകരുടെയും പ്രാദേശിക മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്തിയും കായിക മേഖല ശക്തിപ്പെടുത്തണം. ഒളിംപിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി.ബാലൻ, സെക്രട്ടറി എം.അച്യുതൻ, ഡോ.എം.കെ.രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊജക്ട് തയാറാക്കിയത്.
കായിക വികസനത്തിന് മാർഗരേഖ
ഓൺ യുവർ മാർക്ക് സമഗ്ര കായിക വികസന പ്രോജക്ട് ജില്ലയുടെ സമ്പൂർണ കായിക പുരോഗതിയ്ക്കുള്ള മാർഗ രേഖയാണ്. 358.14 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതിൽ രൂപം നൽകിയത്. കായിക രംഗത്തെ നൂതന സാങ്കേതിക വിദ്യയും അറിവും നേട്ടങ്ങളും ജില്ലയിലെ കായിക താരങ്ങൾക്ക് അനുഭവഭേദ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പ്രോജക്ട് തയാറാക്കിയത്. കുട്ടികളെ കണ്ടെത്തി ദേശീയ രാജ്യാന്തര നിലവാരത്തിൽ ജില്ലയിൽ നിന്നു വളർത്തിയെടുക്കുക എന്നതും ലക്ഷ്യമാണ്.
പദ്ധതികൾ
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങൾ, സ്റ്റേഡിയം 64.2 കോടി രൂപ, ഇൻഡോർ സ്‌റ്റേഡിയം 72 കോടി, പരിശീലന ഗ്രൗണ്ട് 119 കോടി, സ്പോർട്സ് അക്കാദമി ഹോസ്റ്റൽ 63 കോടി, പരിശീലനത്തിനും കായികോപകരണങ്ങൾക്കും മറ്റുമായുള്ള ചെലവ് 10.94 കോടി, മറ്റ് നിർമാണ പ്രവർത്തനങ്ങൾ 29 കോടി എന്നിങ്ങനെയാണു പദ്ധതികൾക്കായി ചെലവു കണക്കാക്കുന്നത്.
∙ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കായിക മേഖലയിലേക്ക് ആകർഷിയ്ക്കണം
∙ കായിക വിദഗ്ധ സമിതി രൂപീകരണം
∙ രാജ്യാന്തര നിലവാരമുള്ള സ്‌റ്റേഡിയം
∙ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നീന്തൽ കുളങ്ങൾ
∙ കായിക മേഖലയിലെ കുട്ടികൾക്ക് തുടർ പഠനത്തിന് അവസരം സൃഷ്ടിക്കുക
∙ യോഗ്യതയുള്ള പരിശീലകരുടെ സേവനം ലഭ്യമാക്കുക
∙ കായിക സഹകരണ സംഘം രൂപീകരിക്കുക
∙ സ്പോർട്സ് ക്ലബ്ബുകളുടെ ഡേറ്റാ ബാങ്ക് തയാറാക്കുക

