ജി ആന്‍ഡ് ജി ഫിനാൻസ് തട്ടിപ്പ്; പ്രതികൾ കാണാമറയത്ത്, പൊലീസ് സ്റ്റേഷൻ മാർച്ചുമായി നിക്ഷേപകർ
പത്തനംതിട്ട∙ പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പിനിരയായവർ കോയിപ്രം പൊലീസ് സറ്റേഷനിലേക്ക് മാർച്ച് നടത്തുന്നു. രാവിലെ സ്ഥാപന ഉടമയുടെ തെള്ളിയൂരിലെ വീടിനു മുന്നിൽ യോഗം ചേർന്നു നിക്ഷേപകർ സമര സമിതി രൂപീകരിച്ചു. 100 കോടി രൂപയുടെ തട്ടിപ്പ് സ്ഥാപനത്തിൽ നടന്നുവെന്നാണു സംശയിക്കുന്നത്. 124 കേസുകൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ജി ആൻഡ് ജി ഫിനാൻസിന്റെ ഉടമ ശ്രീരാമസദനത്തിൽ ഡി.ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു, മകൻ ഗോവിന്ദ്, മരുമകൾ ലക്ഷ്മി നായർ എന്നിവർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാണെന്നു കോയിപ്രം പൊലീസ് പറയുന്നു. കോയിപ്രം സ്റ്റേഷനിൽ ഇവർക്കെതിരെ 90 കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിസംബർ വരെ നിക്ഷേപകർക്കു പലിശ നൽകിയിരുന്ന ഇവർ ജനുവരി അവസാനമാണ് കുടുംബത്തോടെ മുങ്ങിയത്. ഇതിനു മുമ്പുള്ള മാസങ്ങളിൽ നിക്ഷേപ കാലാവധി പൂർത്തിയായവർ മടക്കികിട്ടാൻ ഉടമകളെ സമീപിച്ചിരുന്നു. ഇവരോടു ഫണ്ടു വരാനുണ്ടെന്നു പറഞ്ഞു സമയം നീട്ടി ചോദിക്കുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്.