KSDLIVENEWS

Real news for everyone

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ കാസർഗോഡ് ജില്ലയിലെത്തി

SHARE THIS ON

കാസർഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ ജില്ലയിലെത്തി.

പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിങ് പുനിയ, എം സതീഷ് കുമാര്‍, സാന്‍ജോയ് പോള്‍ എന്നിവരാണ് വെള്ളിയാഴ്ച എത്തിയത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ നിരീക്ഷകന്‍ സാന്‍ജോയ് പോളും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ നിരീക്ഷകന്‍ എം സതീഷ് കുമാറുമാണ്.

ജില്ലയില്‍ ആദ്യദിനം നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചില്ല

നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള ആദ്യദിനം ജില്ലയില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞ് ഇനി തിങ്കളാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനാവുക. രാവിലെ 11 മുതല്‍ ഉച്ച മൂന്ന് വരെയാണ് വരണാധികാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്രികകള്‍ സ്വീകരിക്കുക. മഞ്ചേശ്വരം മണ്ഡലം വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ ഷാജി എം കെയാണ്. കാസര്‍കോട്: ഷാജു (ആര്‍ ഡി ഒ). ഉദുമ: ജയ ജോസ്രാജ് സി എല്‍ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ), കാഞ്ഞങ്ങാട്: ഡി ആര്‍ മേഘശ്രീ (സബ്കളക്ടര്‍, കാഞ്ഞങ്ങാട്), തൃക്കരിപ്പൂര്‍: സിറോഷ് പി ജോണ്‍ (ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍) എന്നിവരാണ് മറ്റ് വരണാധികാരികള്‍.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി.

ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂനിറ്റുകള്‍, ബാലറ്റ് യൂനിറ്റുകള്‍, വിവിപാറ്റ് മെഷീനുകള്‍ എന്നിവ കമ്പ്യൂട്ടറിന്റെ സഹായത്തോടെ തരംതിരിക്കുന്ന പ്രക്രിയയാണിത്.

ഇതുപ്രകാരം മഞ്ചേശ്വരം മണ്ഡലത്തിലെ 336 ബൂത്തുകളിലേക്ക് 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍ എന്നിവ അനുവദിച്ചു. കാസര്‍കോട്: 296 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 370 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകള്‍, ഉദുമ: 316 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 395 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 427 വിവിപാറ്റുകള്‍, കാഞ്ഞങ്ങാട്: 336 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍, തൃക്കരിപ്പൂര്‍: 307 ബൂത്തുകള്‍, 26 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 387 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 34 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 412 വിവിപാറ്റുകള്‍.
ആകെ ബൂത്തുകള്‍ 1591, കണ്‍ട്രോള്‍ യൂനിറ്റുകള്‍ 1992, ബാലറ്റ് യൂനിറ്റുകള്‍ 1992, വിവിപാറ്റ് 2147.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, വരണാധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ സൂം മീറ്റിംഗിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജീവനക്കാരുടെ സംഘടനകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ഓഫീസുകളിലും പൊതു ഇടങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകയായി പ്രവര്‍ത്തിക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടുന്നതും ഒഴിവാക്കണം.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പകര്‍ച്ച വ്യാധിനിയന്ത്രണനിയമ പ്രകാരം കേസെടുക്കുന്ന പോലീസ് നടപടി ശക്തമാക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കണം സോപ്പ്, സാനൈറ്റസര്‍ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം അരുത്.

പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫീസില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരില്‍ കാവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ലഘുലേഖകള്‍ ദേശീയാരോഗ്യ ദൗത്യവും ജില്ലാ മാസ് മീഡിയ വിഭാഗവും ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!