ലോക്ക്ഡൗണ്‍ ലംഘിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി

നാദാപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കല്ലാച്ചിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്. ഉടമ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസെടുത്തു.സംസ്ഥാന പാതയില്‍ സിവില്‍ സ്റ്റേഷന് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹാപ്പി വെഡ്ഡിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഉടമയ്ക്കെതിരെയുമാണ് പോലീസ് നടപടി എടുത്തത്.
കടിയങ്ങാട് സ്വദേശി താനിയോട്ട് മീത്തല്‍ മുഹമ്മദ് റയീസ് (22), കോടഞ്ചേരി സ്വദേശി പുത്തന്‍പുരയില്‍ മുബായിസ് (19), തൂണേരി പുത്തലത്ത് സഫാദ് (22), നാദാപുരം ചാമക്കാലില്‍ അല്‍ത്താഫ് (20), കടമേരി തയ്യില്‍ നിസ്സാം (22), ബാലുശ്ശേരി എരമംഗലം ആക്കൂല്‍ ഷമീം (20), കടിയങ്ങാട് വലിയ പറമ്പില്‍ അസ്സറുദ്ദീന്‍ (22), പാതിരപ്പറ്റ മീത്തലെ പുതിയോട്ടില്‍ ആദം (22), പാലേരി ടൗണ്‍ വാതുക്കല് പറമ്പത്ത് ് ഹാരിസ് (38), നരിപ്പറ്റ പാണ്ടിത്തറേമ്മല്‍ നജീബ് (35) തുടങ്ങി പത്തുപേര്‍ക്ക് പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് കടയുടെ പിന്‍ഭാഗത്തെ വാതില്‍ വഴി ആളുകളെ കടയിലേക്ക് പ്രവേശിപ്പിച്ചത്.സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ കടയിലെത്തിയപ്പോള്‍ ആരും ഇല്ലെന്നും ജീവനക്കാര്‍ മാത്രമാണ് ഉള്ളതെന്നും കടയുടമയും മറ്റും പറഞ്ഞു.സംശയം തോന്നിയ പോലീസുകാര്‍ കടയുടെ മുകള്‍ ഭാഗത്തെ നിലകളില്‍ പരിശോധന നടത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കാണുന്നത്.
ഇതോടെ കടയിലെത്തിവരുടെ മേല്‍വിലാസം രേഖപ്പെടുത്തിയ ശേഷം ഇവരെ പുറത്തേക്കിറക്കുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നാദാപുരം സി ഐ എന്‍.കെ.സത്യനാഥന് പഞ്ചായത്തിന് നോട്ടീസയച്ചു.നാദാപുരം എസ്ഐ രാംജിത്ത് പി ഗോപി,അഡി.എസ്ഐ അശോകന് മാലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്.