നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ’; എംഎൽഎ ഡോക്ടർമാരോട് തട്ടിക്കയറിയതായി പരാതി

പാലക്കാട്: കോങ്ങാട് എം.എൽ.എ. കെ ശാന്തകുമാരിക്കെതിരേ പരാതിയുമായി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് കെ. ശാന്തകുമാരി മോശമായി പെരുമാറിയെന്നാണ് പരാതി. ‘നിങ്ങൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ’ എന്ന് എം.എൽ.എ. ഡോക്ടർമാരോട് പറഞ്ഞതായി പരാതിയിൽ പറയുന്നു. എന്നാൽ, ഭർത്താവിന് ചികിത്സ വൈകയിത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും മോശമായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും എം.എൽ.എ. വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഏഴുമണിയോടടുപ്പിച്ചായിരുന്ന പനി ബാധിച്ച ഭർത്താവിനേയും കൊണ്ട് എം.എൽ.എ. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഈ സമയത്ത് ആശുപത്രിയിൽ വലിയ തോതിൽ തിരക്കായിരുന്നു. തുടർന്ന് എം.എൽഎയുടെ ഭർത്താവിനെ പരിശോധിച്ചപ്പോൾ തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് എം.എൽ.എ. തട്ടിക്കയറുകയായിരുന്നെന്നാണ് പരാതി. അത്തരത്തിൽ മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാൽ, ചികിത്സ വൈകിയതിനെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും പരാതി സംബന്ധിച്ച് എം.എൽ.എ. പറഞ്ഞു.

