മന്ത്രിയും ബോട്ട് ഉടമയും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കണം; വി. അബ്ദുറഹ്മാന്റെ ഓഫീസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്- സംഘര്‍ഷം

താനൂര്‍: മന്ത്രി വി. അബ്ദുറഹ്മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മൂലക്കലിലെ മന്ത്രിയുടെ ഓഫീസിലേക്കാണ് യൂത്ത് ലീഗ് മാര്‍ച്ച് നടത്തിയത്. ബോട്ടിന് അനധികൃതമായി സര്‍വീസ് നടത്താന്‍ അനുവദിച്ചതില്‍ മന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്. മന്ത്രിയും ബോട്ട് ഉടമയും തമ്മിലുള്ള കൂട്ടുകച്ചവടം അന്വേഷിക്കുക, നിര്‍ത്തിവെച്ച അനധികൃത ബോട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി കൊടുത്ത ഉന്നതനെതിരേ അന്വേഷണം നടത്തുക, മന്ത്രിയുടെ അടുപ്പക്കാരനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് മാര്‍ച്ച്. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. സ്ഥലത്ത് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വലിയ വീഴ്ച്ചയാണ് സംഭവിച്ചത്. വളരെ വൈകിയാണ് പൊലീസ് ബാരിക്കേഡുമായെത്തിയത്. അതേസമയം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഇടനിലക്കാരന്‍ കബീര്‍ വെളിപ്പെടുത്തി. യാതൊരു രേഖകളുമില്ലാത്ത ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് കേസില്‍ അറസ്റ്റിലായ നാസറിന്റെ സഹോദരനും സിപിഎം പ്രാദേശിക നേതാവുമായ ഹംസക്കുട്ടി പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്മാനുമായി ഹംസക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍മ്മാണം തടഞ്ഞിരുന്നെങ്കിലും ഉന്നത ഇടപെടല്‍ മൂലം നിര്‍മ്മാണം പുനഃരാരംഭിച്ചതായും കബീര്‍ എ.കെ മീഡിയവണ്ണിനോട് പറഞ്ഞു. പുതുപൊന്നാനി പാലപ്പെട്ടിയില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വഞ്ചി നാസര്‍ വാങ്ങുകയും പിന്നീട് ബോട്ടാക്കി മാറ്റുകയുമായിരുന്നു. കച്ചവടത്തില്‍ ഇടനിലക്കാരാനായിരുന്നു കബീര്‍. 95000 രൂപക്കാണ് വഞ്ചി വിറ്റത്. ടൂറിസത്തിനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു. കുടുംബത്തിന് സഞ്ചരിക്കാന്‍ വേണ്ടിയാണ് ബോട്ടെന്ന് പറഞ്ഞു. നേരത്തെ ഹൗസ് ബോട്ടുകള്‍ വാങ്ങാന്‍ നോക്കി വില കൂടുതലാണെന്ന് പറഞ്ഞാണ് ഫൈബര്‍ വള്ളം വാങ്ങിയതെന്നും കബീര്‍ വെളിപ്പെടുത്തി.

