KSDLIVENEWS

Real news for everyone

ചെങ്കള പഞ്ചായത്ത് 3 വാർഡ് മെമ്പറുടെ ഇടപെടൽ ; നെല്ലിക്കട്ട ഗുരുനഗറിലെ സതീഷന്റെ വീട്ടിൽ സന്തോഷ വെളിച്ചമെത്തി

SHARE THIS ON

ചെർളടുക്ക ∙ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലെ ദുരിത പഠനത്തിൽ നിന്നും വിദ്യാർഥികൾക്ക് മോചനം.നെല്ലിക്കട്ട ഗുരുനഗറിലെ സതീഷന്റെ പുറം പോക്കിലെ വീട്ടിലാണ് ഇന്നലെ വൈദ്യുതി കണക്‌ഷൻ ലഭിച്ചത്.വൈദ്യുതിയില്ലാത്ത വീട്ടിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവാർത്ത വന്നതിന് പിന്നാലെയാണ് നടപടി .

ഇതറിഞ്ഞ പഞ്ചായത്ത് അംഗം അൻസിഫ അർഷാദ്,ചെർക്കള ഡിവിഷൻ എഎക്സ്ഇ എം.കെ.ബാബു, ചെർക്കള സെക്‌ഷൻ സബ് എൻജിനീയർ എ.ജയചന്ദ്രൻ എന്നിവർ തീവ്രശ്രമം നടത്തിയതിന്റെ ഫലമായാണ് ഇന്നലെ വൈദ്യുതി ലഭിച്ചത്.1 തൂൺ സ്ഥാപിച്ച് 55 മീറ്റർ ലൈൻ വലിച്ചാണ് കണക്‌ഷൻ നൽകിയത്.ഇതിന് വൈദ്യുതി വകുപ്പ്  24,400 രൂപയാണ്  ചെലവാക്കിയത്.

പുറം പോക്കിലെ വീട്ടിലേക്ക് വീട്ടു നമ്പറില്ലെങ്കിൽ വൈദ്യുതി ലഭിക്കില്ലെന്ന ധാരണയി‍ൽ ഇവർ വൈദ്യുതി  കണക്‌ഷന് വേണ്ടി അപേക്ഷിച്ചിരുന്നില്ല. വാർഡ് അംഗം അൻഷിഫ അർഷാദ് വയറിങ് നടത്താനുള്ള സഹായം നൽകുകയും റിപ്പോർട്ട്  കിട്ടിയ ഉടനെ ചെർക്കള ഡിവിഷൻ, സെക്‌ഷൻ ഓഫിസിലെ ജീവനക്കാർ പെട്ടെന്ന് വൈദ്യുതി നൽകുന്നതിനുള്ള പ്രവർത്തനം നടത്തുകയും ചെയ്തതോടെയാണ് 2ദിവസത്തിനകം നമ്പർ പോലുമില്ലാത്ത വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചത്.

സതീഷനും ഭാര്യ  സുമയും 4,6,7,9 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളായ ശരൺ, സജീഷ്, ജ്യോതിക,സുമിത്രഎന്നീ മക്കളുമാണ് ഇവിടെ കഴിയുന്നത്. നിവർന്നു കയറാൻ പറ്റാത്തതും കാൽപാദം മുങ്ങുന്ന  ചെളിനിറഞ്ഞ മുറിയും അടച്ചുറപ്പില്ലാത്തവാതിലുമുള്ള   വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇവർ പഠിച്ചിരുന്നത്.4 പേർക്ക് പഠിക്കാൻ എയ്ഡഡ് സ്കൂളിലെ അധ്യാപകർ 1ഫോൺ നൽകിയിരുന്നു. ഇത് ചാർജ് ചെയ്യാനോ എല്ലാവർക്കും പഠിക്കാനോ പറ്റിയിരുന്നില്ല.

കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ  മൊബൈൽഫോണിൽ ചാർജ് നിൽക്കാത്തതിനാൽ പലപ്രാവശ്യം  സമീപത്തെ വീട്ടിൽ പോയാണ് ചാർജ് ചെയ്തിരുന്നത്. 5 വർഷമായി പട്ടിക ജാതിയിൽപ്പെട്ട ഈ കുടുംബം പുറം പോക്കിലാണ് താമസിക്കുന്നത്.എരുപ്പക്കട്ട ശക്തി നഗറിലെ സുമിത്രയുടെ ഭിന്ന ശേഷിക്കാരനായ മകൻ ലക്ഷ്മി ഷാ പഠിക്കുന്ന സുമിത്രയുടെ വീട്ടിലും വൈദ്യുതിയില്ലാത്തത് സംബന്ധിച്ച വാർത്തയും നൽകിയിരുന്നു.

ഈ വീട്ടിലേക്ക് ടെസ്റ്റ് റിപ്പോർട്ട് നടത്തിയിരുന്നതിനാൽ തൂണില്ലാത്തതിനാലാണ് വൈദ്യുതി കണക്‌‌ഷൻ നൽകാൻ വൈകിയത്. ഇവിടേയും ഇന്നലെ വൈദ്യുതി ലഭിച്ചു.  സതീഷന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദ്‌രിയ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.പഞ്ചായത്ത് അംഗം അൻസിഫ അർഷാദ്,പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ, കാദർ നെല്ലിക്കട്ട, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ  പങ്കെടുത്തു.

∙ നമ്പർ വേണ്ട, പുറം പോക്കിലും ഇവനി വൈദ്യുതി ലഭിക്കും

പുറം പോക്കിലുള്ള വീടുകൾക്ക് നമ്പറില്ലെങ്കിലും വൈദ്യുതി ലഭിക്കും. ടെസ്റ്റ് റിപ്പോർട്ട് തയാറാക്കി സെക്‌ഷൻ ഓഫിസിൽ നൽകിയാൽ മതി.1000 ചതുരശ്ര അടിയിൽ കുറവുള്ള വീടുകൾക്കാണ് 1000 വാട്സിൽ താഴെ വൈദ്യുതി ഉപയോഗിക്കാവുന്ന വിധം വൈദ്യുതി ലഭിക്കുക.200 മീറ്റർ വരെ ലൈൻ വലിച്ച് വൈദ്യുതി നൽകും.

വൈദ്യുതി നൽകിയതിനു ശേഷം റവന്യു വകുപ്പിന്റെ എതിർപ്പ് ഉണ്ടെങ്കിൽ മാത്രമാണ് കണക്ഷൻ വിച്ഛേദിക്കുകയുള്ളു.പുറം പോക്കിലുള്ളവർ നമ്പർ ലഭിക്കില്ലെന്നു കരുതി വൈദ്യുതിക്ക് അപേക്ഷിക്കാറില്ല.അപേക്ഷിക്കാതെ വർഷങ്ങളോളം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുന്ന കുടുംബം ഇലപ്പോഴുമുണ്ട്.തെറ്റി ധാരണ കൊണ്ടാണിതെന്ന് ചെർക്കള ഡിവിഷൻ എഎക്സ് ഇ.എം.കെ ബാബു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!