KSDLIVENEWS

Real news for everyone

ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; തിങ്കളാഴ്ച മുതൽ അവധി, ഷെയ്ഖ് ഹമദിന് വിട ചൊല്ലാൻ രാജ്യം

SHARE THIS ON

ദോഹ: മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ വിയോഗത്തെ തുടർന്ന് ഖത്തറിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് (12) മുതൽ ദുഃഖാചരണം നിലവിൽ വന്നു. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഷെയ്ഖ് ഹമദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കളാഴ്ച (13) മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിക്ക് ശേഷം 19നായിരിക്കും ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കുക. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിലാണ് ഷെയ്ഖ് ഹമദിന്റെ മയ്യത്ത് നമസ്കാരം നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് ലുസൈൽ ഖബർസ്ഥാനിൽ മൃതദേഹം സംസ്കരിക്കും.

ഒരു സാധാരണ പ്രവിശ്യയിൽ നിന്ന് ഖത്തറിനെ ഇന്നത്തെ ആഗോള ശക്തിയാക്കി മാറ്റിയതിൽ ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണനേതൃത്വം നിർണായകമായിരുന്നു. പ്രശസ്തമായ അൽ ജസീറ ടെലിവിഷൻ ശൃംഖലയ്ക്ക് തുടക്കമിട്ടതും, ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ 2022ലെ ലോകകപ്പ് ഫുട്ബോളിന് ഖത്തറിന് ആതിഥേയത്വം വഹിക്കാൻ വഴിയൊരുക്കിയതും അദ്ദേഹമാണ്. തന്റെ 18 വർഷത്തെ ഭരണകാലത്ത് 2006-ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം, വിവിധ രാജ്യാന്തര സമാധാന കരാറുകൾ (ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ) എന്നിവയ്ക്കും രാജ്യം വിജയകരമായി വേദിയൊരുക്കി. 2013ൽ ഭരണം തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് കൈമാറിയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയത്.

error: Content is protected !!