കാസർഗോഡ് ജില്ലയിൽ കോവിഡ് പോസിറ്റീവായ പോലീസുകാരുടെ എണ്ണം 31 ആയി. നിരീക്ഷണത്തിൽ പോയത് നൂറിലധികം പേർ. സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം
കാസർഗോഡ്: ജില്ലയിൽ പോലീസ് വകുപ്പിൽ കോവിഡ് ബാധിച്ചത് 31 പേർക്ക്. ഇതേത്തുടർന്ന് നിരീക്ഷണത്തിലായത് നൂറിലേറെപ്പേർ. ആകെ പോലീസുകാരുടെ 25 ശതമാനത്തോളം ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നതോടെ കടുത്ത ആൾക്ഷാമത്തിലാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ.
എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ കുമ്പള സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും രണ്ട് എ.എസ്.ഐ.മാർക്കും പോസിറ്റീവായി.
കുമ്പള തീരദേശ സ്റ്റേഷനിലെ എസ്.ഐ.ക്കും മഞ്ചേശ്വരം സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും ഒരു ഹോംഗാർഡിനും രോഗം പിടിപെട്ടു. ദിവസങ്ങളുടെ ഇടവേളയിൽ രോഗപ്പകർച്ച ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര സ്റ്റേഷനുകളിലുമെത്തി.
ഹൊസ്ദുർഗ് സ്റ്റേഷനിൽ 12 പേർക്കാണ് രോഗബാധ. ഈ സ്റ്റേഷനിൽ മാത്രം ക്വാറന്റീനിലായത് എസ്.ഐ. ഉൾപ്പെടെ 40 പേർ. ആദ്യം പോസിറ്റീവായ നാലുപേരുടെ സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ വിടാതിരുന്നതാണ് ഹൊസ്ദുർഗ് സ്റ്റേഷനിലെ മറ്റു പോലീസുകാർക്കും കോവിഡ് ബാധിക്കാനിടയായതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്ന് 10 പേർ നിരീക്ഷണത്തിൽ പോയിരുന്നെങ്കിൽ ഇത്രയും പേർക്ക് കോവിഡ് ബാധിക്കുകയോ ഇത്രയധികം പേർ ക്വാറന്റീനിൽ കഴിയേണ്ടി വരികയോയില്ലെന്ന് പോലീസുകാർ തന്നെ പറയുന്നു. കൂട്ടത്തിലൊരാൾക്ക് രോഗം പിടിപെട്ടാൽ മറ്റുള്ളവരെ ഉടൻ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. പൊതുജന സമ്പർക്കത്തിനിടയിൽ നിരീക്ഷണപ്പട്ടികയിലാകുന്ന പോലീസുകാരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുകയും ജോലി തുടരാൻ ആവശ്യപ്പെടുകയുമാണ്.
കോവിഡ് പോസിറ്റീവായ പോലീസുകാരിൽ 60 ശതമാനത്തിലേറെയും പേർ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരാണ്. ലാബ് വഴിയുള്ള തുടർപരിശോധനയിലാണ് ഇവരിൽ കോവിഡ് വൈറസുണ്ടെന്ന് അറിയുന്നത്. അതിർത്തി സ്റ്റേഷനുകളിലെങ്കിലും ഡ്യൂട്ടി ഷിഫ്റ്റ് ഏർപ്പെടുത്തണമെന്ന ആവശ്യവും പോലീസുകാർക്കിടയിലുണ്ട്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിൽ പോയ ഹൊസ്ദുർഗ് സ്റ്റേഷനിൽ മറ്റിടങ്ങളിൽനിന്ന് 25 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്തത്. ആൾക്ഷാമം കൂടുതലായതോടെ കൃത്യനിർവഹണത്തെയും ബാധിക്കുന്നു.
പതിവുജോലിക്കു പുറമെ കോവിഡ് പ്രതിരോധം, മാസ്ക് ധരിക്കാത്തവരെ പിടികൂടൽ തുടങ്ങിയ ജോലി പോലീസിന് അധികമാണിപ്പോൾ. അതിനിടയിലാണ് പ്രളയക്കെടുതിയും കിഴക്കൻ മലയോരത്തെ കൊലപാതകവും .