കരിപ്പൂർ വിമാനപകടം: വിമാനത്തിലെ പൈലറ്റിൽ നിന്ന് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുമ്പ്

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുൻപ്. ലാൻഡിങ്ങിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ റൺവേയുടെ പടിഞ്ഞാറു ഭാഗത്ത് ഇറങ്ങാൻ (റൺവേ 10) തീരുമാനമെടുത്ത പൈലറ്റ് ഇതിനായി എടിസി ടവറിനോട് അനുമതി തേടി.
ലാൻഡിങ് അനുമതി ലഭിച്ചതിനു പിന്നാലെ ‘ക്ലിയർ ടു ലാൻഡ് റൺവേ 10’ എന്ന സന്ദേശം വെള്ളിയാഴ്ച വൈകിട്ട് 7.36ന് കോക്പിറ്റിൽ നിന്ന് എടിസി ടവറിലേക്കെത്തി. വിമാനം അപ്പോൾ റൺവേയിൽ നിന്ന് 4 നോട്ടിക്കൽ മൈൽ ദൂരെയായിരുന്നെന്നാണു നിഗമനം. തുടർന്ന് 7.40നാണ് റൺവേയിൽ നിന്നു തെന്നിനീങ്ങി അപകടത്തിൽപെട്ടത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിസിഎയുടെയും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെയും ഉദ്യോഗസ്ഥർ കോഴിക്കോട്ടെ എടിസി ടവറിൽ നിന്നും വിമാനം നിയന്ത്രിച്ച ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.