ദുബൈയിൽ സാംക്രമിക രോഗ ഗവേഷണ കേന്ദ്രം: അറബ് ശാസ്ത്ര മികവിന്റെ പുനരുജ്ജീവനം
ദുബൈ: ദുബൈയിൽ സാംക്രമിക രോഗ ഗവേഷണ കേന്ദ്രം ആരംഭിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.കൊവിഡ് -19 ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. 30 കോടി ദിർഹം ചെലവ് ചെയ്താണ് മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ മെഡിക്കൽ റിസർച്ച് സെന്റർ ആരംഭിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. “അറബ് ചരിത്രത്തിലുടനീളമുള്ള ശാസ്ത്ര മികവിന്റെ പുനരുജ്ജീവനവും പുനരാരംഭവുമാണിത്’ ശൈഖ് മുഹമ്മദ് പറഞ്ഞു.
‘മെഡിക്കൽ ഗവേഷണം നമ്മുടെ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്, ഒപ്പം നമ്മുടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ഒരു ഉറപ്പുമാണ്.കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടുപിടിക്കുന്നതിനും ആവശ്യമായ ചികിത്സ നടപ്പിലാക്കുന്നതിനും കേന്ദ്രം ഗുണം ചെയ്യും. രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട് ലോകത്തെ വൈറസിനെ നേരിടുന്നതിൽ യു എ ഇ മുൻപന്തിയിലാണ്. ഏകദേശം 56 ലക്ഷം പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട്.
ഈ രോഗത്തിന് ഒരു വാക്‌സിൻ വികസിപ്പിക്കുന്നതിൽ രാജ്യത്തെ ആരോഗ്യമേഖലയും വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട് – ലോകത്തെ ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ രാജ്യത്തുടനീളം 15,000 പേർ പങ്കെടുക്കും.
2019 ൽ സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള നയവും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഫെഡറൽ കരട് നിയമങ്ങളും രാജ്യത്തെ ആരോഗ്യ കൗൺസിൽ പുന സംഘടിപ്പിക്കുന്ന നയവും യു എ ഇ മന്ത്രിസഭ സ്വീകരിച്ചു.
രോഗികളെ സഹായിക്കാനും കമ്മ്യൂണിറ്റി ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സാംക്രമിക രോഗങ്ങളില്ലാതെ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ‘നാഷണൽ ഡിസീസ് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ’ മന്ത്രിസഭ അംഗീകരിച്ചു. അനേകം മേഖലകളെ ഉൾക്കൊള്ളുന്ന ഒരു സമഗ്ര ആരോഗ്യ സമീപനത്തിലൂടെ സാംക്രമിക രോഗങ്ങളെ നേരിടുന്നതിനുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾക്കൊപ്പം മുന്നേറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും ഈ നയം സഹായിക്കും.