രാജേഷാകണമെന്നു ഷംസീറിനോടു സഭ: ഷംസീർ എല്ലാം ഭംഗിയാക്കുമെന്നു രാജേഷ്

തിരുവനന്തപുരം∙ മന്ത്രിക്കസേരയിൽ ഇരുന്നയാൾ എംഎൽഎ കസേരയിൽ, സ്പീക്കർ കസേരയിലിരുന്നയാൾ മന്ത്രിക്കസേരയിൽ, മൂന്നാം നിരയിലിരുന്നയാൾ സഭാ നാഥന്റെ കസേരയിൽ, രണ്ടാം നിരയിലിരുന്നയാൾ മന്ത്രിസഭയിലെ രണ്ടാമൻ… സ്പീക്കർ തിരഞ്ഞെടുപ്പിനായി ഒറ്റ ദിവസത്തേക്കു സഭ ചേർന്നപ്പോൾ, സഭയിൽ ആകെ നാടകീയത. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിനോട് സഭ ഒന്നാകെ പറഞ്ഞത് എം.ബി.രാജേഷിനെ മാതൃകയാക്കാനാണ്. എന്നാൽ, ഏറ്റെടുക്കുന്ന ജോലിയെല്ലാം ആത്മാർഥതയോടെ ചെയ്യുന്ന ഷംസീറിനു സഭാ നാഥനായും ശോഭിക്കാൻ കഴിയുമെന്നായിരുന്നു എം.ബി.രാജേഷിന്റെ ഉറപ്പ്.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ പാർട്ടിയിൽ സംസ്ഥാനത്തെ ഒന്നാമനാണ്. എന്നാൽ മന്ത്രിസ്ഥാനം രാജിവച്ച ഗോവിന്ദൻ സഭയിൽ എവിടെ ഇരിക്കുമെന്ന കൗതുകം ഇന്നലെ എല്ലാവർക്കുമുണ്ടായിരുന്നു. ഭരണപക്ഷത്ത് രണ്ടാമത്തെ നിരയിൽ കെ.കെ.ശൈലജയ്ക്കും സജി ചെറിയാനുമൊപ്പമാണു ഗോവിന്ദനു സീറ്റ് നൽകിയത്. മന്ത്രി വീണാ ജോർജും ജി.ആർ.അനിലുമാണു തൊട്ടടുത്ത്. പാർട്ടി സെക്രട്ടറിയുടെ ഗൗരവമൊന്നുമില്ലാതെ ഇവർക്കിടയിലിരുന്നു തമാശ പൊട്ടിക്കുന്ന ഗോവിന്ദനെയാണു കണ്ടത്. മന്ത്രിക്കുപ്പായം അഴിച്ചുവച്ചപ്പോൾ സഭയിൽ കൂടുതൽ ‘ലൈറ്റ്’ ആയ പോലെ. സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിറങ്ങിയ ശേഷം പ്രതിപക്ഷ നിരയിലെത്തി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കിടയിൽ സമയം ചെലവിടുകയും ചെയ്തു. മുൻപു പിണറായി വിജയൻ പാർട്ടി സെക്രട്ടറിയാകാൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴും എംഎൽഎ സ്ഥാനം ഒഴിഞ്ഞിരുന്നില്ല.

