KSDLIVENEWS

Real news for everyone

റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച് ‘ഹിറ്റ്മാന്‍’; അഫ്ഗാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: ബാറ്റിങ് കരുത്തിന്റെ എല്ലാ വന്യതയും പുറത്തെടുത്ത ക്യാപ്റ്റന്‍ രോഹിത്തിന്റെ മികവില്‍ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. അഫ്ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ലോകകപ്പ് റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ് ജയം അനായാസമാക്കിയത്. 84 പന്തുകള്‍ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്‌സും പറത്തി 131 റണ്‍സെടുത്തു. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരില്‍ ചേര്‍ത്തു. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ചുറികള്‍ നേടിയത്. എന്നാല്‍ രോഹിത്തിന് ഏഴിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്‌സുകള്‍ മാത്രം. ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപില്‍ ദേവ് 40 വര്‍ഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി. JUST IN 21 min ago ബിഹാറില്‍ തീവണ്ടി പാളംതെറ്റി; നാലുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌ 44 min ago ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീം ഓണം ആഘോഷിച്ചു 47 min ago കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തി See More ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റണ്‍സ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റണ്‍നേട്ടം 1000-ല്‍ എത്തിയത്. ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്‌സറുകല്‍ നേടിയ വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഹിറ്റ്മാന്‍ മറികടന്നത്. ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് 156 റണ്‍സ് ചേര്‍ത്ത രോഹിത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇഷാന്‍ 47 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 47 റണ്‍സെടുത്തു. വിരാട് കോലി അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 56 പന്തില്‍ നിന്ന് 55 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ശ്രേയസ് അയ്യര്‍ 23 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് തോന്നിച്ച അഫ്ഗാന്‍ സ്‌കോര്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങോടെ ഇന്ത്യ 272-ല്‍ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. 63 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന് ഇബ്രാഹിം സദ്രാന്‍ (22), റഹ്‌മാനുള്ള ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ നഷ്ടമായി പ്രതിരോധത്തിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി – അസ്മത്തുള്ള ഒമര്‍സായ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാലാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് അഫ്ഗാന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ മടക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരെ വേഗം പുറത്താക്കി ഇന്ത്യ സ്‌കോറിങ് പിടിച്ചുനിര്‍ത്തി. മുജീബ് ഉര്‍ റഹ്‌മാന്‍ (10*), നവീന്‍ ഉള്‍ ഹഖ് (9*) എന്നിവര്‍ പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!