KSDLIVENEWS

Real news for everyone

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

SHARE THIS ON

തിരൂർ: ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായ പരിക്ക്. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) യാണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂക്കയിൽ-കൂട്ടായി-തിരൂർ റൂട്ടിലോടുന്ന കല്ലിങ്ങൽ ബസ് ആണ് സ്കൂട്ടറിൽ ഇടിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് തെറ്റായ സൈഡിലേക്ക് കയറി തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടിയിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ പെട്ട സ്കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിന്നത്. ഈസമയം യുവതി ബസ്സിന് അടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. അപകടം നടന്ന ഉടൻ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മയ്യത്ത് ബന്ധുക്കൾക്ക് വിട്ടുനൽകി ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!