KSDLIVENEWS

Real news for everyone

നിലമ്പൂർ കൈവിടാം, രാജ്യസഭാ സീറ്റ് വേണം’: തൃണമൂലിനോട് അൻവർ

SHARE THIS ON

കോട്ടയം: പി.വി.അൻവറിനു തൃണമൂൽ കോൺഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരം. ഇക്കാര്യം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അൻവർ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല. ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും പരിമിതികളുണ്ടെന്നും ആയിരുന്നു മറുപടി. ബംഗാളിൽ ആകെയുള്ള 16 രാജ്യസഭാ സീറ്റുകളിൽ 5 എണ്ണത്തിൽ 2026 ഏപ്രിലിൽ ഒഴിവുവരും. നിലവിൽ 12 സീറ്റുകൾ തൃണമൂലിന്റെ കൈവശമാണുള്ളത്. അൻ‌വറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.

പാർട്ടിയിൽ ചേരാനുള്ള ചർച്ചകൾക്കിടെ അൻവർ മുന്നോട്ടുവച്ച ഉപാധിയായിരുന്നു രാജ്യസഭാ സീറ്റ്. കേരളത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കാമെന്നും പകരമായി തനിക്കു രാജ്യസഭാ സീറ്റ് നൽകണമെന്നുമാണ് അൻവർ പറഞ്ഞത്. തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തുന്നതിനു മുന്നേ എസ്പി നേതാക്കളുമായി സംസാരിച്ച അൻവർ ആ കൂടിക്കാഴ്ചയിലും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്ന കാര്യം കഴിഞ്ഞദിവസം മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്കു യാതൊരു അടിത്തറയുമില്ലാത്ത കേരളത്തിൽ നിന്നൊരാൾ‌ക്കു തൃണമൂൽ കോൺഗ്രസ്, എംപി സ്ഥാനം നൽകുമോയെന്നു കണ്ടറിയണം.

എംഎൽഎ സ്ഥാനം രാജിവച്ച് അൻവറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂൽ ആവശ്യപ്പെട്ടിരിക്കുന്നത്. തോറ്റാൽ കൈവിടില്ലെന്നും ഉറപ്പുനൽകി. വിജയിച്ചാൽ തൃണമൂൽ എംഎൽഎയായി നിയമസഭയിൽ തുടരാം. അല്ലെങ്കിൽ രാജ്യസഭയിലേക്കു വിടാമെന്നാണു അൻവറിന്റെ ഉപാധിയോടുള്ള നിലപാട്. ഇന്ത്യ മുന്നണിക്കുള്ളിൽ ഇടഞ്ഞുനിൽക്കുന്ന തൃണമൂലിനെ ഘടകക്ഷിയാക്കുന്നതിൽ യുഡിഎഫിൽ എതിർപ്പുണ്ട്. എന്നാൽ അൻവർ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്നതിൽ തീരുമാനമായില്ല. യുഡിഎഫിന്റെ ഘടകക്ഷിയാകുന്നതിനോടു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും വലിയ താൽപര്യമില്ലെന്നാണു സൂചന.

ആ ചർച്ച പാളിയതിനു കാരണം

ഇപ്പോൾ‌ യുഡിഎഫിലുള്ള ഒരു കക്ഷി നേതാവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ഘടകവുമായി ചർച്ച നടത്തിയിരുന്നു. അൻവറിനു സമാനമായി സംസ്ഥാനത്തു പാർട്ടി കെട്ടിപ്പടുക്കാനായിരുന്നു നീക്കം. എന്നാൽ ഒറ്റയ്ക്കു നിൽക്കണമെന്നും ഒരു മുന്നണിയുടെയും ഭാഗമാകരുതെന്നും ആയിരുന്നു തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടത്. ഇതോടെയാണു തൃണമൂൽ മോഹം ഉപേക്ഷിച്ച് ഈ നേതാവ് സ്വന്തം പാർട്ടി രൂപീകരിച്ചു യുഡിഎഫിൽ ചേർന്നത്.

എസ്പിയോടും സീറ്റ് ആവശ്യപ്പെട്ടു

തൃണമൂൽ കോൺഗ്രസിൽ ചേരും മുൻപേ സമാജ്‍വാദി പാർട്ടിയുമായി (എസ്പി) നടത്തിയ ചർച്ചയിൽ പി.വി.അൻവർ എംഎൽഎ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽനിന്നു രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. ജെഡിഎസിൽനിന്ന് അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അൻവർ രാജ്യസഭയിലേക്കുള്ള താൽപര്യം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന ശേഷമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നായിരുന്നു മറുപടി. അൻവറിന്റെ കാര്യം ജനുവരി 20ന് ചർച്ച ചെയ്യാമെന്നാണ് അഖിലേഷ് യാദവ് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിനു കാത്തുനിൽക്കാതെ അൻവർ തൃണമൂലിലേക്കു ചേക്കേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!