KSDLIVENEWS

Real news for everyone

പത്തനംതിട്ടയിലേത് സൂര്യനെല്ലിയെക്കാൾ വലിയ കുറ്റകൃത്യം: പ്രതികള്‍ 58, മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞു

SHARE THIS ON

പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു. 42 പേര്‍ പ്രതികളാക്കപ്പെട്ട സൂര്യനെല്ലി പീഡനക്കേസിനെക്കാള്‍ വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയില്‍ നടന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

കേസിൽ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്. പ്രതികളിലൊരാള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നും എസ്.പി. പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തും.

പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി. ദീപുവിന്റെ ഇടപെടലാണ് ഒരുവര്‍ഷം മുമ്പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങള്‍ക്ക് വഴിവെച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വെച്ച് നേരിട്ട് കണ്ടു. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കൊണ്ടുപോയി.

മന്ദിരംപടിയിലെ റബ്ബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഇതില്‍ നാലുപേരാണ് പ്രതികള്‍. മറ്റൊരു ദിവസം പ്രക്കാനം തോട്ടുപുറത്തേക്കാണ് പെണ്‍കുട്ടിയെ യുവാക്കള്‍ കൊണ്ടുപോയത്. അടച്ചിട്ട കടയ്ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് കുട്ടിയെ ഇവര്‍ വീടിന് സമീപം ഇറക്കിവിട്ടുവെന്നും പോലീസ് പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡി.ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട എസ്.പി. വി.ജി. വിനോദ്കുമാര്‍, ഡിവൈ.എസ്.പി. എസ്. നന്ദകുമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ ഡി. ഷിബുകുമാര്‍, ടി.കെ. വിനോദ് കൃഷ്ണന്‍, ജിബു ജോണ്‍, വനിതാ എസ്.ഐ. കെ.ആര്‍.ഷെമിമോള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രത്യേക അന്വേഷണസംഘം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!