KSDLIVENEWS

Real news for everyone

മലയോര ഹൈവേ ഉദ്ഘാടനം 15ന്. കാസര്‍കോട്‌ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ വ്യാപിച്ചുകിടക്കുന്നു

SHARE THIS ON

കോഴിക്കോട്: നിർമ്മാണം പൂർത്തീകരിച്ച മലയോര ഹൈവേയുടെ ഉദ്ഘാടനം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി-കക്കാടം പൊയില്‍ ഭാഗമാണ് ഉദ്ഘാടനം ചെയ്യുന്നത്.

195 കോടി ചെലവിട്ടാണ് ഈ ഭാഗത്തിന്റെ പണി പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ഏകദേശം 250 കിലോമീറ്റർ മലയോര ഹൈവേയുടെ നിർമ്മാണം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സർക്കാർ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ആകെ നീളം 1166.27 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിർമ്മാണ പ്രവൃത്തികള്‍ക്ക് കിഫ്‌ബിയാണ് ധനസഹായം നല്‍കുന്നത്.

793.68 കിലോമീറ്റർ റോഡിന് 3593 കോടി രൂപയുടെ സാമ്ബത്തിക അനുമതിയാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 506.73 കിലോമീറ്റർ സാങ്കേതികാനുമതി നല്‍കി ടെൻഡർ ചെയ്യുകയും, അതില്‍ 481.13 കിലോമീറ്റർ പ്രവൃത്തി കരാറില്‍ ഏർപ്പെട്ട് ആരംഭിക്കുകയും ചെയ്തു.

166.08 കി.മി റോഡിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായി. 1288 കോടി രൂപ ഇതുവരെ മലയോര പാതയുടെ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസർകോട്‌ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്.

സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളിലേക്ക് എത്തുന്നതിനുള്ള കണക്ഷൻ റോഡുകള്‍ കൂടിയായ മലയോര പാത ടൂറിസം മേഖല കളേയും ശക്തിപ്പെടുത്തും.

12 മീറ്റർ വീതിയില്‍ രണ്ടുവരിയായി പൂർണമായും ബിഎംബിസി നിലവാരത്തില്‍ നിർമ്മിക്കുന്ന മലയോര പാതയില്‍ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിങ്ങുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും.

റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഫുള്‍ ഡെപ്ത് റെക്ലമേഷൻ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ മലയോര പാതയുടെ നിർമ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!