KSDLIVENEWS

Real news for everyone

ഇന്ത്യ ആറിലേറെ കോവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

SHARE THIS ON

ഭോപ്പാൽ: ഇന്ത്യയിൽ നിന്ന് ആറിലേറെ പുതിയ കോവിഡ് വാക്സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഹർഷ വർധൻ പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനംകൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വർഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വർഷമായി ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എൻ.ഐ.ആർ.ഇ.എച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ശാസ്ത്രത്തെ നമ്മൾ ബഹുമാനിക്കണം. വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഉത്പാദിപ്പിച്ച രണ്ട് വാക്സിനുകൾ 71 രാജ്യങ്ങൾക്ക് നൽകി. നിരവധി രാജ്യങ്ങൾ ഇന്ത്യയോട് വാക്സിൻ ആവശ്യപ്പെടുന്നുണ്ട്. ഇവയൊന്നും ചെറിയ രാജ്യങ്ങളല്ല. കാനഡ, ബ്രസീൽ മറ്റ് നിരവധി വികസിത രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിൻ അത്യുത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്. അര ഡസനിലേറെ പുതിയ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ തുടക്കകാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി വാക്സിൻ ഡോസുകൾ ആളുകൾക്ക് നൽകി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേർ വാക്സിനെടുത്തു. ചില ആളുകൾ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സത്യത്തെ തോൽപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളിൽ ഇപ്പോൾ വർധനവുണ്ടായത്. വൈറസിനെതിരേയുള്ള വാക്സിൻ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകൾ കരുതി. വൈറസിൽനിന്ന് നിന്ന് രക്ഷ നേടാൻ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഹർഷ വർധൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!