നാലാം ടെസ്റ്റ് സമനിലയില്‍, ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് സീരിസ് സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിലായതോടെയാണ് ഇന്ത്യ പരമ്പര നേടിയത്. 2-1 നാണ് ഇന്ത്യയുടെ വിജയം. ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ വിജയം നേടിയിരുന്നു. മൂന്നാം ടെസ്റ്റ് ഓസീസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്കോറിലെത്തിയപ്പോള്‍ ഇരുടീമുകളും ചേര്‍ന്ന് മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. സ്കോര്‍: ഓസ്ട്രേലിയ: 480, രണ്ടിന് 175. ഇന്ത്യ: 571 മത്സരത്തിലെ താരമായി വിരാട് കോലിയെ തിരഞ്ഞെടുത്തു. പരമ്പരയുടെ താരത്തിനുള്ള പുരസ്കാരം ആര് അശ്വിനും രവീന്ദ്ര ജഡേജയും പങ്കുവെച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പര വിജയമാണിത്. അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാന് മാത്യു കുനെമാന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച് കളിച്ച ട്രാവിസ് ഹെഡ് – മാര്‍നസ് ലബുഷെയ്ന് സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 163 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന നായകന് സ്റ്റീവ് സ്മിത്ത് 59 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. ലബൂഷെയ്ന് 213 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ 571 റണ്‍സെടുത്ത ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു

