ഇസ്രയേൽ ബന്ധമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ; ജീവനക്കാരിൽ മലയാളികളും ഉണ്ടെന്ന് സൂചന

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനില്ക്കുന്നതിനിടെ ഇസ്രയേൽ ബന്ധമുള്ള ചരക്ക് കപ്പൽപിടിച്ചെടുത്ത് ഇറാൻ. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്കിൽ വെച്ച് പിടിച്ചെടുത്തത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സൈന്യം ഹെലികോപ്റ്ററിൽ എത്തി കപ്പലിൽകയറി പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്.. ശനിയാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. കപ്പലിൽ ജീവനക്കാരായി മലയാളികളും ഉണ്ടെന്നാണ് സൂചന. കമ്പനിയുടെ ഉടമസ്ഥൻ ഇസ്രയേലുകാരനായ ഇയാൽ ഒഫെറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സമുദ്രാതിർത്തി ലംഘിച്ചതിനാലാണ് നടപടിയെന്നാണ് ഇറാന്‍ നല്‍കുന്ന വിവരം. കപ്പൽ ഇറാൻ തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. നിലവിൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. ഇറാൻ വാർത്താ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിൽ എവിടെയും ഏതു സമയത്തും ആക്രമണം നടക്കാമെന്നായിരുന്നു റിപ്പോർട്ടിൽ പറയുന്നത്. ആക്രമണപദ്ധതി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നിലുണ്ടെന്നും അതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയപ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞതായാണ് വിവരം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്തു എന്ന വാർത്തകൾ പുറത്തുവരുന്നത്.

