ഇസ്രായേലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സാംസങ് കമ്പനി

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്ങിന്റെ ഇന്നൊവേഷൻ ബ്രാഞ്ചായ ‘സാംസങ് നെക്സ്റ്റ്’ ഇസ്രായേലിലെ പ്രവർത്തനം അവസാനിപ്പിച്ചു. ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെത്തുടർന്ന് ഇസ്രായേല്‍ സമ്ബദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. തങ്ങളുടെ റീജിയണല്‍ ടെക് ഹബ്ബായ തെല്‍ അവീവിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ജീവനക്കാരെ കമ്ബനി അറിയിച്ചുകഴിഞ്ഞു. അപ്രതീക്ഷിതമായ സാഹചര്യത്തിലാണു നടപടിയെന്നാണ് കമ്ബനി അധികൃതര്‍ പ്രതികരിച്ചത്. ഗസ്സയില്‍ നടക്കുന്ന കൂട്ടക്കുരുതിക്കിടെ ഇസ്രായേലില്‍നിന്നു പിൻവാങ്ങുന്ന ഒടുവിലത്തെ ആഗോള കുത്തക കമ്ബനിയാണ് സാംസങ് നെക്സ്റ്റ്. ജീവനക്കാർക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെ സാംസങ് നെക്സ്റ്റ് മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ ഇയാല്‍ മില്ലറായിരുന്നു പ്രവർത്തനം നിർത്തുന്ന വിവരം അറിയിച്ചത്. കമ്ബനിയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി തെല്‍അവീവിലെ ഓഫിസില്‍ അത്യാവശ്യം വേണ്ട മാറ്റങ്ങള്‍ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഈ തീരുമാനം, പ്രയാസകരമാണെങ്കിലും, 70 കമ്ബനികളിലും ഇസ്രായേലി സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്തിയത് ഉള്‍പ്പെടെഏകദേശം ഒരു പതിറ്റാണ്ടായി ഞങ്ങള്‍ ഒരുമിച്ച് കൈവരിച്ച നേട്ടങ്ങള്‍ കുറച്ചുകാണാനാവില്ല. – അദ്ദേഹം കത്തില്‍ പറയുന്നു. അതേസമയം, നിക്ഷേപമിറക്കിയ കമ്ബനികള്‍ക്കടക്കം സേവനം യു.എസിലെ ആസ്ഥാനത്തുനിന്ന് തുടരുമെന്നും സാംസങ് നെക്സ്റ്റ് അറിയിച്ചിട്ടുണ്ട്. കമ്ബനി ഇനി നേരിട്ട് ഇസ്രായേലില്‍ പ്രവർത്തിക്കില്ലെങ്കിലും നിക്ഷേപം തുടർന്നേക്കും. സ്റ്റാർട്ട്‌അപ്പുകള്‍ക്കും പുതുതായി തുടങ്ങുന്ന കമ്ബനികള്‍ക്കും സാമ്ബത്തിക പിന്തുണ നല്‍കി ബിസിനസ് രംഗത്ത് മികവിലെത്തിക്കുകയാണ് സാംസങ് നെക്സ്റ്റ് ചെയ്യുന്നത്. ഇതിനകം നിരവധി ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ കമ്ബനി നിക്ഷേപം നടത്തിയിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള നെക്സ്റ്റിന് ദക്ഷിണ കൊറിയയിലും തെല്‍അവീവിലുമാണ് ഓഫിസുകളുണ്ടായിരുന്നത്.

