കൊണ്ടോട്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; ഒമ്പത് പേര് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇന്നലെ രാത്രിയാണ് ബീഹാര്‍ സ്വദേശി രാജേഷ് മഞ്ചി മരിച്ചത്.രാജേഷിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്ബത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മര്ദനമേറ്റെതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ട് മണിക്കൂര്‍ രാജേഷിനെ മര്‍ദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലില്‍ പുലര്‍ച്ചെ 2 മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ മുറ്റത്ത് ഒരാള്‍ വീണു കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷ് മരിച്ചിരുന്നു. ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പൊലീസ് ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

