ഹരിഹരന്റെ വീട് ആക്രമിച്ചത് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് പോലീസ് എഫ്.ഐ.ആർ; പങ്കില്ലെന്ന് വി. വസീഫ്

കോഴിക്കോട്: ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്റെ വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞത് ഡി.വൈ.എഫ്.ഐ- സി.പി.എം. പ്രവര്‍ത്തകരെന്ന് പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട്. ഹരിഹരനേയും കുടുംബത്തേയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നിരോധിത സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം, കാറില്‍ എത്തിയ സംഘം അസഭ്യം പറഞ്ഞ കേസില്‍, പ്രതികള്‍ എത്തിയ കാര്‍ തിരിച്ചറിഞ്ഞു. കെ.എല്‍. 18 എന്‍ 7009 നമ്പറിലുള്ള കാറിലാണ് സംഘമെത്തിയതെന്നാണ് എഫ്.ഐ.ആറിലുള്ളത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന ആരോപണം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നിഷേധിച്ചു. ഹരിഹരന്റെ വീട് ആക്രമിച്ചതില്‍ ഡി.വൈ.എഫ്.ഐക്ക് പങ്കില്ല.
അങ്ങനൊരാളുടെ വീട് ആക്രമിച്ച് ജയിലില്‍ പോകേണ്ട ഗതികേട് ഡി.വൈ.എഫ്.ഐക്ക് ഇല്ല. അധിക്ഷേപം നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും വസീഫ് മുന്നറിയിപ്പ് നല്‍കി. ഹരിഹരന്റെ വിവാദ പ്രസംഗത്തില്‍ യഥാര്‍ഥ പ്രതികള്‍ വി.ഡി. സതീശനും ഷാഫി പറമ്പിലുമാണെന്ന് വസീഫ് ആരോപിച്ചു. ഇവരുടെ പിന്തുണയിലാണ് ഹരിഹരന്മാര്‍ വളരുന്നത്. ഹരിഹരന്‍ പ്രസംഗിച്ചപ്പോള്‍ യു.ഡി.എഫ്. നേതൃത്വം കുലുങ്ങിച്ചിരിച്ചു. യു.ഡി.എഫ്. നേതൃത്വം ജനങ്ങളോട് മറുപടി പറയണം. സ്ത്രീവിരുദ്ധത മാത്രമല്ല, വര്‍ഗീയ പരാമര്‍ശങ്ങളും ഹരിഹരന്റെ പ്രസംഗത്തില്‍ ഉണ്ടായി. ‘നിസ്‌കരിക്കാന്‍ മുട്ടി’ എന്ന പ്രയോഗമാണ് ഹരിഹരന്‍ നടത്തിയത്. ഇതില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയണം. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെയാണ് ഹരിഹരന്‍ പ്രസംഗിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വസീഫ് കുറ്റപ്പെടുത്തി.

