KSDLIVENEWS

Real news for everyone

കാസര്‍കോട് അരീങ്കലില്‍ ആന്‍മേരിയുടെ കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍

SHARE THIS ON

കാസര്‍കോട്∙ അരീങ്കൽ :അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സ്വൈര്യജീവിതം നയിക്കാന്‍ വേണ്ടിയാണ് ആല്‍ബിന്‍ ബെന്നിയെന്ന ഇരുപത്തിരണ്ടുകാരണ്‍ കൊടുംക്രൂരത നടത്തിയതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ് കുമാർ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്താണ് ആല്‍ബിന്‍ കുടുംബത്തിനു വിഷം നല്‍കിയത്.ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവു കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെ ഇത്രയും വിഷം ചേര്‍ത്താല്‍ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആല്‍ബിന്‍ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കണ്ടെത്തി. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനാല്‍ ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി കിടയുടെ അടിയില്‍ സൂക്ഷിക്കുകയും ചെയ്തു.
30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിജിൽ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിൻ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തു.

പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആന്‍മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുര്‍വേദ മരുന്നുകളാണ് കഴിച്ചത്. എന്നാല്‍ അഞ്ചാം തീയതി ആന്‍മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ തിരഞ്ഞതും മറ്റും കണ്ടെത്തിയതെന്നും ഡിവൈഎസ്പി എം.പി വിനോദ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!