താൽക്കാലിക റോഡ് നിർമാണം അനിശ്ചിതമായി നീളുന്നു;
ചെർക്കള-ചട്ടഞ്ചാൽ പാതയിൽ ബസ് ഗതാഗതം ഇല്ലാതെ ഒരാഴ്ച

ചെർക്കള: ചെർക്കള– ചട്ടഞ്ചാൽ ദേശീയപാത 66ൽ ചെർക്കളയ്ക്കു സമീപം കുണ്ടടുക്കത്ത് റോഡിലെ വിള്ളൽ കാരണം ബസ് ഗതാഗതം നിലച്ചിട്ട് ഒരാഴ്ച.റോഡ് പണിക്കിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് മണ്ണെടുത്ത് വീതികൂട്ടി താൽക്കാലിക റോഡ് നിർമിക്കാനാണ് ഇവിടെ ഗതാഗതം തടഞ്ഞിരിക്കുന്നത്.ശനിയാഴ്ച സമീപ വീടുകൾക്കു ഭീഷണിയായി വാ പിളർന്ന പോലെ മണ്ണിടിയുന്നത് കണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ പണി തടഞ്ഞു. സംരക്ഷണ ഭിത്തി നിർമിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും മണ്ണിടിയുന്നത് തുടർന്നപ്പോൾ പണി തുടരാൻ അനുവദിച്ചില്ല.
ഇന്നലെയും പണി നടന്നില്ല. താൽക്കാലിക റോഡ് നിർമാണം അനിശ്ചിതമായി നീളുന്നത് ഈ പാതയിൽ വാഹനഗതാഗതം പുനരാരംഭിക്കുന്നതിനും തടസ്സമായി. ചെറു വാഹനങ്ങൾക്കു പോക്കുവരവ് തടസ്സമില്ലെങ്കിലും ബസ് യാത്രക്കാരാണ് വലഞ്ഞത്കഴിഞ്ഞ 6ന് 10 ദിവസത്തിനകം പണി തീർക്കും എന്നായിരുന്നു കരാർ കമ്പനി അധികൃതർ പറഞ്ഞിരുന്നത്.
ഇനിയും 2 ആഴ്ച കാത്തിരിക്കേണ്ടി വരും
ചെർക്കള ∙ ഒരാഴ്ചയായി ബസ് ഗതാഗതം നിലച്ച ചെർക്കള-ചട്ടഞ്ചാൽ ദേശീയ പാതയിൽ താൽക്കാലിക റോഡ് നിർമാണ പ്രവൃത്തി പുനരാരംഭിക്കാൻ രണ്ടാഴ്ച കൂടി വേണ്ടിവരും.ബേവിഞ്ച കുണ്ടടുക്കത്ത് റോഡിന്റെ വിള്ളൽ കണ്ട സ്ഥലത്ത് വലതു ഭാഗത്ത് താൽക്കാലിക റോഡ് ഉണ്ടാക്കുന്നതിന് മണ്ണിടിക്കുന്നതിനിടെ ഇടിഞ്ഞ ഭാഗത്ത് വീടുകളുടെ ഉൾപ്പെടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയായിരിക്കും താൽക്കാലിക റോഡിന്റെ നിർമാണ പ്രവൃത്തി. .
സുരക്ഷ ഉറപ്പുവരുത്താൻ ഇതിനുള്ളസോയിൽ നെയ്‌ലിങ് പണി ഇന്നു തുടങ്ങും.വീടുകൾക്കും ഗതാഗതത്തിനും മണ്ണിടിച്ചിൽ കാരണം അപകട ഭീഷണി ആരോപിച്ച് ശനിയാഴ്ച് താൽക്കാലിക റോഡ് പണിയുന്നതിനുള്ള മണ്ണെടുക്കൽ കർമസമിതി നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
പണി പുനരാരംഭിക്കാതെ 2 ദിവസം പിന്നിട്ടു.ഇന്നലെ വിദ്യാനഗർ സിഐ യു.പി. വിപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനു നിർമാണ കമ്പനിക്കു ആവശ്യമായ നിർദ്ദേശം നൽകിയത്.പാതയുടെ ഇടതു ഭാഗത്ത് സർവീസ് റോഡ് പണി തീർത്തു മതി പ്രധാന റോഡിന്റെ നിർമാണമെന്നും യോഗത്തിൽ നിർദേശം നൽകി. ഹൈവേ മാനേജർ സിറാജ്, ലെയ്സൻ ഓഫിസർ നളിനാക്ഷൻ വെള്ളിക്കോത്ത്, ആക്ഷൻ കമ്മിറ്റി ചെയർമാൻ സത്താർ പള്ളിയാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയാതെ അധികൃതർ
സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് നിർമാണ കമ്പനി അധികൃതർ നേരിട്ട് ഉറപ്പു നൽകുന്നുണ്ടെങ്കിലും കുന്നും മണ്ണും ഇടിച്ചു നടക്കുന്ന നിർമാണത്തിൽ തങ്ങളുടെ വീടും വഴിയും ജീവിതവും നഷ്ടമാകുമെന്ന നാട്ടുകാരുടെ ഭീതി ഒഴിയുന്നില്ല. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള 6 കിലോമീറ്റർ പാതയിൽ പലയിടത്തും പ്രകൃതി ലോല പ്രദേശങ്ങൾ ഉൾപ്പെടെ കിളച്ചു മറിച്ച് നടത്തുന്ന റോഡ് വികസനം അപകടം സൃഷ്ടിക്കാൻ ഇടയുണ്ട് എന്നാണ് കർമസമിതി ഭാരവാഹികൾ പറയുന്നത്. മേലെ ഭാഗം വലിയ മലയും താഴെ വലിയ താഴ്ചയും ഉള്ളതു കൊണ്ട് വലിയ മഴയുടെ കുത്തൊഴുക്കിൽ ഉണ്ടായേക്കാവുന്ന അപായം നിസ്സാരമായി കാണാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കുന്ന് പിളർത്തി മണ്ണ് നീക്കുമ്പോൾ വലിയതോതിൽ മണ്ണും ഇളകി വീഴുന്നുണ്ട്. പൊട്ടി പിളർന്നു വീഴാൻ കാത്തിരിക്കുന്ന നിലയിലാണ് ചില ഭാഗങ്ങൾ.മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടഞ്ഞാണ് ഇപ്പോൾ ഇവിടെ പണി നടക്കുന്നത്. ചെർക്കള ടൗണിൽ ആണെങ്കിൽ കനത്ത മഴയിൽ വെള്ളക്കെട്ടും പതിവായി. ഇത് പൂർണമായും പരിഹരിക്കുന്നതിനുള്ള ഡ്രെയ്നേജ് സംവിധാനം ഇതുവരെ ആയിട്ടില്ല.ചെർക്കള– ചട്ടഞ്ചാൽ ദേശീയപാത വികസനത്തിന്റെ നിലവിലുള്ള പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ പ്രത്യേക സംഘം പരിശോധിച്ച് ജനങ്ങളുടെ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പു വരുത്തണമെന്നാണ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.

