പാക് ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നദീമിന് PAK-92.97 നമ്പര്‍ പ്ലേറ്റ് കാറും 10 കോടി രൂപയും ഉപഹാരം നല്‍കി മറിയം നവാസ് ഷരീഫ്/VIDEO
ലാഹോര്‍: പാക് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അര്‍ഷദ് നദീമിന് പത്തുകോടി പാകിസ്താന്‍ രൂപയും സ്‌പെഷ്യല്‍ രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറും പാരിതോഷികമായി ലഭിച്ചു. പാകിസ്താനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷരീഫാണ് ഉപഹാരങ്ങള്‍ നല്‍കിയത്. ചൊവ്വാഴ്ച ഇവർ അര്‍ഷദ് നദീമിനെ സന്ദര്‍ശിച്ചിരുന്നു.
പത്ത് കോടി രൂപയ്ക്കു പുറമേ, പാകിസ്താന്‍ രജിസ്‌ട്രേഷനിലുള്ള PAK-92.97 നമ്പര്‍ പ്ലേറ്റിലുള്ള കാറും നദീമിന് കൈമാറി. ഹോണ്ട സിവിക് കാറാണ് നല്‍കിയത്. പാരീസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. ഒളിമ്പിക് റെക്കോഡും നദീമിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവുമാണിത്. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാകിസ്താനിലേക്ക് ഒരു ഒളിമ്പിക്‌സ് സ്വര്‍ണ മെഡലെത്തുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന് ഏതെങ്കിലുമൊരു മെഡല്‍ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം നദീമിന് ഭാര്യാപിതാവ് ഉപഹാരമായി പോത്തിനെ നല്‍കിയിരുന്നു. അവര്‍ അധിവസിക്കുന്ന ഗ്രാമത്തിന്റെ പാരമ്പര്യവും സംസ്‌കൃതിയും ഉയര്‍ത്തിപ്പിടിക്കാന്‍ ഉദ്ദേശിച്ചായിരുന്നു പോത്തിനെ നല്‍കിയത്. ഇത് വളരെ മൂല്യമേറിയതും ആദരം നിറഞ്ഞതുമായിട്ടാണ് അന്നാട്ടുകാര്‍ കണക്കാക്കുന്നത്. കൂടാതെ, മറ്റൊരു പാകിസ്താന്‍-അമേരിക്കന്‍ വ്യവസായി സുസുക്കി അള്‍ട്ടോ കാറും പാരിതോഷികം പ്രഖ്യാപിച്ചു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.