നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നാളെ വിചാരണാക്കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ നാളെ (ബുധനാഴ്ച) കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്. രേഖയാണ് കേസ് പരിഗണിക്കുന്നത്.
നിയമസഭാ കയ്യാങ്കളിക്കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ബുധനാഴ്ചത്തെ കുറ്റപത്രം വായിക്കല്‍. കേസില്‍ ആറു പ്രതികളാണുള്ളത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. ആറുപ്രതികളും വിചാരണ നടപടികളുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ നടപടിക്കു വേണ്ടി ഹാജരാകും. നേരത്തെ, ആറു പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കുകയായിരുന്നു

