KSDLIVENEWS

Real news for everyone

ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍; യുഎന്നിന്റെ സ്കൂള്‍ ഉള്‍പ്പെടെ തകര്‍ത്തു, കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗാസ: ഗാസയില്‍ വ്യോമാക്രമണം തുടർന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്.

യുഎന്നിന്റെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂർണമായി തകർന്നതായി അധികൃതർ അറിയിച്ചു. മരിച്ചവരില്‍ ആറ് പേർ യുഎൻ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാല്‍ ഇടയ്‌ക്കിടെ ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ കനത്ത ആക്രമണമാണ് നടത്താറുള്ളത്.

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കൻ ഗാസയിലെ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. 21 വയസ്സ് വരെ പ്രായമുള്ള ആറ് സഹോദരന്മാരും സഹോദരിമാരും ഉള്‍പ്പെടെ 11 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം ഇപ്പോള്‍ 11-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഹമാസ് സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനായി നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളൊന്നും തന്നെ ഫലം കണ്ടില്ല.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 41,000ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും 95,000ത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പരസ്യ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!