ആദ്യ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഐ.എസ്.എല്‍ ആദ്യ മത്സരത്തിൽ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്. തിരുവോണ ദിവസം സ്റ്റേഡിയം സ്റ്റാഫുകളുടെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് നടപടി. സ്റ്റേഡിയം സ്റ്റാഫുകള്‍ അടക്കമുള്ളവരുടെ ജോലി മത്സരം തുടങ്ങുന്നതിനും മുമ്പേ ആരംഭിക്കും. തലേ ദിവസം രാത്രിയില്‍ തുടങ്ങുന്ന ജോലി മത്സര ശേഷവും അര്‍ധരാത്രിയോളം നീളും. സ്റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ ഈ തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
കേരളത്തിലെ തിരുവോണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 15ന് നടക്കുന്ന പ്രഥമ ഹോം മത്സരത്തിന്റെ സ്റ്റേഡിയം കപ്പാസിറ്റി 50% മാത്രമായിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിക്കുന്നു. പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. മത്സര ദിവസം അവശ്യസേവനങ്ങള്‍ നല്‍കുന്നവരുടേയും പ്രവര്‍ത്തന പങ്കാളികളുടേയും പിന്തുണ നിര്‍ണായകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്.
സീസണിലെ ആദ്യ മത്സരമെന്ന നിലയില്‍ നിറഞ്ഞ സ്റ്റേഡിയത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും മത്സര സമയങ്ങളില്‍ അവശ്യ സേവനദാതാക്കളുടേയും പ്രവര്‍ത്തന പങ്കാളികളുടേയും പങ്ക് നിര്‍ണായകമാണെന്നത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവരുടെ ജോലി മത്സരം തുടങ്ങുന്നതിനും വളരെ മുന്‍പേ ആരംഭിക്കും. മത്സരത്തിന്റെ തലേ ദിവസം രാത്രിയില്‍ തുടങ്ങുന്ന ജോലി മത്സര ശേഷവും അര്‍ധരാത്രിയോളം നീളും. സ്റ്റേഡിയം കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ, ഈ സമര്‍പ്പിത വ്യക്തികളുടെ ജോലി ഭാരം ലഘൂകരിക്കുവാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ ചെറിയ ഭാഗമെങ്കിലും ആസ്വദിക്കാന്‍ അവര്‍ക്ക് സാധിക്കും.
മത്സരങ്ങളുടെ ഷെഡ്യൂളിംഗ് നടപടികള്‍ ക്ലബിന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യമായതിനാല്‍, ഇക്കാര്യത്തില്‍ നമുക്ക് ചെയ്യുവാന്‍ സാധിക്കുന്നത് നമ്മുടെ കമ്യൂണിറ്റിക്ക് പരമാവധി അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നത് മാത്രമാണ്. ആരംഭമത്സരത്തിന്റെ ആവേശവും ഓണാഘോഷത്തിന്റെ പ്രാധാന്യവും ഒരുപോലെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ആരാധകരുടെ പിന്തുണയെ ഞങ്ങള്‍ എപ്പോഴും വിലമതിക്കുന്നു നിങ്ങള്‍ക്കൊപ്പം ആവേശകരമായ ഒരു സീസണിനായി ഞങ്ങളും കാത്തിരിക്കുന്നു.