കോൺഗ്രസ് യുവനിരയും സൈബർ പോരാളികളും തമ്മിൽ തല്ലേണ്ടത് അവരുടെ ആവശ്യം: വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ

തിരുവനന്തപുരം: മാധ്യമങ്ങളെ പഴിചാരി കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദേശം. മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും അവകാശപ്പെടുന്നതാണ് ‘മിഷൻ 2026’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ അയച്ച സന്ദേശം. രാഹുലിന്റെ മൗനത്തിനെതിരെ ഗ്രൂപ്പിൽ ചർച്ച കൊഴുക്കുന്നതിനിടെയാണ് വൈകീട്ടോടെ രാഹുലിന്റെ സന്ദേശം എത്തിയത്.
യാതൊരു അടിസ്ഥാനവുമില്ലാതെ അവർ ഷാഫി പറമ്പിലിനെയും വി.ടി. ബൽറാമിനെയും പി.കെ. ഫിറോസിനെയും ടി. സിദ്ദിഖിനെയും ജെബി മെത്തറിനെയും പല കാരണം പറഞ്ഞു ആക്രമിക്കുന്നത് നിങ്ങൾ കാണുന്നില്ലേയെന്ന് രാഹുൽ ചോദിക്കുന്നു. ആ പ്രചരണത്തിൽ വീഴരുത്. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ, അടൂർ പ്രകാശ് തൊട്ട് യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടണ്ടത്, തമ്മിൽതല്ല് ഉണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. നേതാക്കൾ തൊട്ട് നിങ്ങൾ വരെ ദുർബലപ്പെട്ടാൽ ദുർബലമാകുന്നത് കോൺഗ്രസ് ആണെന്നും രാഹുൽ ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.