KSDLIVENEWS

Real news for everyone

ആര്‍ജിത പ്രതിരോധശേഷി നേടാന്‍ ശ്രമിക്കുന്നത് അപകടകരം, അധാര്‍മ്മികം- WHO

SHARE THIS ON

യുണൈറ്റഡ് നേഷൻസ്: കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോൾ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആർജിക്കുമെന്ന സങ്കൽപം അപകടകരവും അധാർമികവുമാണെന്ന് ലോകോരോഗ്യസംഘടന. ആർജിത പ്രതിരോധശേഷി നേടുന്നതാണ് കൊറോണവൈറസിനെ തുടച്ചു നീക്കാനുള്ള പ്രായോഗിക ഉപായമെന്ന നിർദേശം അംഗീകരിക്കാവുന്നതല്ലെന്നും ലോകോരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.വാക്സിൻ പ്രയോഗത്തിലൂടെ ആർജിത പ്രതിരോധശേഷി നേടാനാണ് ആരോഗ്യവിദഗ്ധർ സാധാരണയായി ലക്ഷ്യമിടുന്നതെന്നും അതേസമയം അഞ്ചാംപനി പോലെയുള്ള സാംക്രമികത കൂടിയ രോഗങ്ങളുടെ വിഷയത്തിൽ ജനസസംഖ്യയുടെ 95 ശതമാനം പേർക്ക് പ്രതിരോധ കുത്തിവെയ്പ് നൽകേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ആർജിത പ്രതിരോധശേഷി കൊണ്ട് അവയെ നേരിട്ടതായി മുമ്പൊരിക്കലും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്-19 നെതിരെയുള്ള പ്രതിരോധശേഷിയെ സംബന്ധിച്ച് കൃത്യമായ അറിവ് ലഭ്യമല്ലാത്തതിനാൽ ആർജിത പ്രതിരോധശേഷി കൊണ്ട് ഫലപ്രദമായി നേരിടാമെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നും ഡബ്ല്യു.എച്ച്ഒ. മേധാവി കൂട്ടിച്ചേർത്തു. അപകടകാരിയായ ഒരു വൈറസിനെ പൂർണമായും മനസിലാക്കാതെ സ്വതന്ത്രമായി വ്യാപരിക്കാൻ അനുമതി നൽകുന്നത് അധാർമികമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വൈറസിനെ കുറിച്ചും അതിനെതിരെയുള്ള പ്രതിരോധത്തെ കുറിച്ചും കുറവ് സൂചനകളാണ് നമുക്കുള്ളതെന്നും പൂർണമായ ചിത്രം ലഭിക്കാതെ ഇത്തരത്തിലുള്ള തീർപ്പിലെത്തുന്നതിൽ ധാർമികതയില്ലെന്നും തെദ്രോസ് അദനോം വ്യക്തമാക്കി. ഒരിക്കൽ കോവിഡ് പിടിപെട്ടവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായതായി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. വൈറസിനെതിരെ രോഗികളിൽ പ്രതിരോധശേഷി സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത് എത്ര അളവിലാണെന്നോ എത്രകാലം നിലനിൽക്കുന്നുവെന്നോ എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കൂടാതെ, വ്യക്തികളിൽ പ്രതിരോധശേഷി വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനരോഗികളുടെ എണ്ണത്തിൽ, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ നാല് ദിവസങ്ങളായി വർധനവുള്ളതായും തെദ്രോസ് അദനോം സൂചിപ്പിച്ചു. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേർക്ക് കൊറോണവൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും രോഗം പിടിപെടാൻ സാധ്യതയുള്ളവരാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!