KSDLIVENEWS

Real news for everyone

സാങ്കേതിക തകരാർ: വിമാനം ചെന്നൈയിലെ പുതുക്കോട്ടയിലെ ദേശീയപാതയിലിറക്കി മുൻഭാഗം തകർന്നു

SHARE THIS ON

ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്നു പുതുക്കോട്ടയിൽ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട–തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്. ഇരു പൈലറ്റുമാർക്കും നേരിയ പരുക്കുമാത്രമാണ് ഉള്ളത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ മുൻഭാഗം തകർന്നു. 

പുതുക്കോട്ടൈ അമ്മച്ചത്തിരത്തിന് സമീപമായിരുന്നു സംഭവം. സേലത്ത് പ്രവർത്തിക്കുന്ന എക്വീർ ഫ്ലൈയിംഗ് ക്ലബ്ബ് എന്ന സ്വകാര്യ പരിശീലന സ്ഥാപനത്തിന്റേതാണ് സെസ്‌ന 172 വിഭാഗത്തിൽപ്പെട്ട വിമാനമെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പുതുക്കോട്ടൈ ജില്ലയിലെ കീരനൂർ സബ് ഡിവിഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

വിമാനം ദേശീയപാതയിൽ ഇറക്കിയ വിവരം അറിഞ്ഞതോടെ ജനങ്ങൾ പരിഭ്രാന്തരായി. ആർക്കും പരിക്കില്ലെന്നും കാര്യമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ച ശേഷം, വിമാനം കാണാൻ ധാരാളം ആളുകളാണ് പ്രദേശത്തേക്ക് എത്തിയത്. കാരൈക്കുടിയിലേക്കാണ് വിമാനം പറത്തിയത്. ഇതിനിടെയാണ് സാങ്കേതിക തകരാർ സംഭവിച്ചതും അടിയന്തര ലാൻഡിങ് നടത്തിയതും. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിമാനം പരിശോധിച്ചു. ഡിജിസിഎ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് ശേഷം മാത്രമേ എഞ്ചിൻ തകരാറിനുള്ള കൃത്യമായ കാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!