KSDLIVENEWS

Real news for everyone

ആളുകള്‍ തോന്നുന്നത് പറയും, അത് നമുക്ക് നിയന്ത്രിക്കാനാകില്ല- ക്യാപ്റ്റന്‍സി വിവാദത്തില്‍ രോഹിത്

SHARE THIS ON

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി രോഹിത് ശർമ. ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാണ് ശ്രമമെന്നും ആളുകൾ അവർക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാൻ കഴിയില്ലെന്നും രോഹിത് ശർമ വ്യക്തമാക്കി. വിരാട് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നിർബന്ധിച്ചു നീക്കിയാണ് രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രോഹിതിന്റെ പ്രതികരണം.

‘ഇന്ത്യക്കായി കളിക്കുമ്പോൾ എപ്പോഴും സമ്മർദ്ദമുണ്ടാകും. അതു സ്ഥിരമായി അവിടെത്തന്നെയുണ്ടാകുകയും ചെയ്യും. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്ന ഒരുപാട് പേരുണ്ട്. അതു ചിലപ്പോൾ നല്ലതാകാം. അല്ലെങ്കിൽ മോശമാകാം. പ്രൊഫഷണൽ താരമെന്ന നിലയിൽ എന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് ശ്രമം. മറ്റുള്ളവർ പറയുന്നതിന് ചെവി കൊടുക്കാൻ സമയമില്ല. അവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇക്കാര്യം പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴും അതു തന്നെ പറയുന്നു’, ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്.


‘ടീമിലെ ഓരോരുത്തരോടും ഇതു തന്നെയാണ് പറയാനുള്ളത്. വലിയൊരു ടൂർണമെന്റിൽ കളിക്കുമ്പോഴുള്ള പ്രതീക്ഷയുടെ ഭാരവും സമ്മർദ്ദവും ടീമംഗങ്ങൾക്ക് ശരിക്ക് അറിയാം. ഉത്തരവാദിത്തം മനസ്സിലാക്കി അതിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യുകയാണ് ഏറ്റവും പ്രധാനം. അതല്ലാതെ പുറത്തു നടക്കുന്ന ചർച്ചകളിലൊന്നും യാതൊരു കഴമ്പുമില്ല. ടീമംഗങ്ങൾ പരസ്പരം എങ്ങനെ മനസ്സിലാക്കുന്നു എന്നത് പ്രധാനമാണ്. ടീമംഗങ്ങൾക്ക് ഇടയിലുള്ള ഈ ബന്ധം വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സഹായകമാകും’, രോഹിത് വ്യക്തമാക്കുന്നു.

വിരാട് കോലിയുടെ ക്യാപ്റ്റൻസിയേയും പുതിയ ക്യാപ്റ്റൻ അഭിനന്ദിച്ചു. ‘അഞ്ചു വർഷം അദ്ദേഹം ടീമിനെ നയിച്ചു. അതു മനോഹരമായ കാലമായിരുന്നു. ഓരോ നിമിഷവും ആസ്വദിച്ചാണ് കളിച്ചത്’, രോഹിത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!