KSDLIVENEWS

Real news for everyone

ദേശീയപാത വികസനം; വാഹനങ്ങൾ തലങ്ങും വിലങ്ങും, കാസർകോട് റോഡ് മുറിച്ചുകടക്കൽ ദുഷ്ക്കരം

SHARE THIS ON

കാസർകോട് ∙‌ ‌‌ദേശീയപാതയുടെ പണി തുടങ്ങിയതിനു ശേഷം പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ‍് മുറിച്ചുകടക്കൽ ഏറെ ദുഷ്കരം. തലങ്ങും വിലങ്ങും വരുന്ന വാഹനങ്ങളുടെ മുൻപിൽ പെടാതിരിക്കണമെങ്കിൽ അൽപം അഭ്യാസം കൂടി പഠിക്കണമെന്ന അവസ്ഥയിലാണ് യാത്രക്കാർ. എംജി റോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന സർക്കിൾ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിരുന്നു.

ദേശീയപാതയുടെ ഇരുദിശകളിൽ നിന്നുള്ള വാഹനങ്ങൾക്കു പുറമേ നഗരത്തിലെ എംജി റോഡിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും എത്തുന്ന ജംക്‌ഷനാണിത്. ഇതോടൊപ്പം പുതിയ ബസ് സ്റ്റാൻഡിലെ ബസുകൾ പുറത്തേക്കു കടക്കുന്നതും ഇതുവഴിയാണ്. ഇതിനിടയിലൂടെയാണ് യാത്രക്കാർ നടന്നു പുതിയ ബസ് സ്റ്റാൻഡിൽ എത്തേണ്ടത്. മേൽപാലത്തിന്റെ പണി നടക്കുന്നതിനാൽ, നേരത്തെ സീബ്രാ ലൈൻ ഉണ്ടായിരുന്ന ഭാഗത്തൊക്കെ വഴിയടഞ്ഞു കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കണ്ണ് ഒന്നു തെറ്റിയാൽ അപകടം ഉറപ്പ്. കൂടുതൽ പൊലീസിനെയോ ഹോം ഗാർഡുമാരെയോ നിയോഗിച്ച് കാൽനടയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.


അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്ക്

ബുധനാഴ്ച വൈകിട്ട് 5.10. എംജി റോഡിൽ നിന്നു ദേശീയപാത മുറിച്ചു കടന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു ഉമ്മയും കുഞ്ഞും. വാഹനത്തിരക്ക് ഒന്നു കുറഞ്ഞ ശേഷം ഇവർ റോഡിലിറങ്ങി. പെട്ടെന്ന് അതാ എതിർദിശയിൽ നിന്ന് ഒരു കാർ വേഗത്തിൽ വരുന്നു. ഇതോടെ, അമ്പരന്നുപോയ അവർ മുൻപിലേക്ക് ഓടി. ദേശീയപാതയിലെ മംഗളൂരു ഭാഗത്തു നിന്ന് എത്തിയ മറ്റൊരു കാറിനു മുന്നിലേക്കായിരുന്നു അത്. ഡ്രൈവർ പെട്ടെന്നു ബ്രേക്കിട്ടതിനാൽ അപകടം തലനാരിഴയ്ക്കു ഒഴിവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!