വിതരണ കരാറുകാരുടെ പണിമുടക്ക്; സംസ്ഥാനത്തെ റേഷൻ വിതരണം കടുത്ത പ്രതിസന്ധിയിലേക്ക്

കാഞ്ഞങ്ങാട്: വിതരണക്കരാറുകാർക്ക് സർക്കാർ നൽകേണ്ട പണം കുടിശികയായതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. സാമ്പത്തിക ബാധ്യത രൂക്ഷമായതിനാൽ എഫ്സിഐ ഗോഡൗണുകളിൽ നിന്ന് ലോഡ് എടുക്കുന്നതും റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്നതും കരാറുകാർ നിർത്തി. ഈ മാസം 2ാം തീയതി ആരംഭിക്കേണ്ട വിതരണം ഇനിയും തുടങ്ങാത്തതിനാൽ റേഷൻ കടകളിൽ അരി, ഗോതമ്പ്, ആട്ട എന്നിവയുടെ സ്റ്റോക്ക് കുത്തനെ കുറയുകയാണ്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് താലൂക്ക് ഗോഡൗണുകളിലേക്കും തുടർന്ന് റേഷൻ കടകളിലേക്കും സാധനങ്ങളെത്തിക്കുന്ന ചുമതല വിതരണക്കാർക്കാണ്. ഒക്ടോബർ മുതൽ പൂർണമായും സെപ്റ്റംബറിലെ 60% തുകയുമാണ് ഇവർക്ക് ലഭിക്കാനുള്ളത്. ടെൻഡർ നിബന്ധന പ്രകാരം ആദ്യം 90 % തുകയും ബില്ലുകൾ നൽകുമ്പോൾ 10% സർക്കാർ നൽകണം. 12 മാസമായി ഈ 10% കുടിശികയാണെന്ന് വിതരണക്കാർ ചൂണ്ടിക്കാട്ടുന്നു. ആകെ 85 – 90 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകാനുള്ളതെന്ന് ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു.
അടുത്തമാസം പകുതി വരെയുള്ള ധാന്യമാണ് ഓരോ മാസവും റേഷൻകടകളിൽ എത്തിക്കുന്നത്. എന്നാൽ ജനുവരി ഒന്നുമുതൽ വിതരണക്കാർ സമരം ആരംഭിച്ചതോടെ ഇപ്പോൾ പലയിടങ്ങളിലും ഈ ശേഖരം കുറഞ്ഞുകഴിഞ്ഞു. മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നവരുടെ വിഹിതം മാത്രമാണ് മിക്ക റേഷൻകടകളിലും അവശേഷിക്കുന്നത്. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ റേഷൻ കടകളെ ക്ഷാമം നേരിട്ട് ബാധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
സർക്കാർ പണം ലഭ്യമാക്കാത്തതിനാൽ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം അടയ്ക്കാനാകുന്നില്ലെന്ന് വിതരണക്കാർ പറയുന്നു. 25% പലിശയാണ് ഇതിന് ക്ഷേമനിധി ബോർഡ് ചുമത്തുന്നത്. ക്ഷേമനിധിയിലേക്കുള്ള വിഹിതം സപ്ലൈകോ ഏറ്റെടുത്ത്, ശേഷിക്കുന്ന തുക തങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയെന്ന വിതരണക്കാരുടെ ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തിന്റെ ആഴം കൂട്ടുന്നതിൽ ഈ പലിശയുമുണ്ടെന്ന് വിതരണക്കാർ പറയുന്നു. ഇതിന് പുറമെ 27 മുതൽ വേതനവർധന ആവശ്യപ്പെട്ട് റേഷൻ കടയുടമകളും സമരത്തിലേക്ക് നീങ്ങുകയാണ്.

