KSDLIVENEWS

Real news for everyone

മരിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത; മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികൻ അറ്റൻഡറുടെ കൈപിടിച്ചു: കണ്ണൂർ സ്വദേശിയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി

SHARE THIS ON

കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറുപത്തേഴുകാരന് പുതുജീവൻ. കൂത്തുപറമ്ബ് പാച്ചപൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

കണ്ണൂർ എ.കെ .ജി ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കാൻ കൊണ്ടുവന്നതായിരുന്നു. മൃതദേഹം മാറ്റാൻ വന്ന സൂപ്പർ വൈസർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയനും ഇലക്‌ട്രീഷ്യൻ അനൂപുമാണ് ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞതും രക്ഷകരായതും.

മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രനെ ഏറിയാല്‍ പത്തു മിനിട്ടില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായിരുന്നു. ആംബുലൻസില്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയില്‍ ജീവന്റെ ലക്ഷണം കാണിച്ചതുമില്ല. രാത്രിയായതിനാല്‍ കണ്ണൂർ എ.കെ .ജി ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിക്കാൻ തീരുമാനിച്ചു.തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മോർച്ചറിക്ക് മുന്നില്‍ എത്തിച്ചത്. ജയനും അനൂപും ചേർന്ന് സ്ട്രച്ചറുമായി ആംബുലൻസില്‍ കയറി മൃതദേഹം അതിലേക്ക് മാറ്റാൻ ശ്രമിക്കുമ്ബോഴാണ് ശരീരത്തിന് ചലനമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബന്ധുക്കളോട് വിവരം പറഞ്ഞശേഷം ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ ഗ്യാസ്‌ട്രോ ഐ.സിയുവില്‍ ചികിത്സയിലാണ് പവിത്രൻ.ശ്വാസംമുട്ടലും വൃക്ക സംബന്ധമായ അസുഖവും കാരണം മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേ സമയം പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം നല്‍കിയതെന്ന് എ.കെ.ജി .ആശുപത്രി അധികൃതർ പറഞ്ഞു.മരണവാർത്ത അറിഞ്ഞ് ബന്ധുക്കള്‍ മോർച്ചറിക്ക് മുന്നില്‍ എത്തിയിരുന്നു. മരണ വാർത്ത പത്രങ്ങള്‍ക്ക് നല്‍കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!