KSDLIVENEWS

Real news for everyone

വിവാദങ്ങളില്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ല; ഉമര്‍ ഫൈസി മുക്കം

SHARE THIS ON

മലപ്പുറം: വിവാദങ്ങളില്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. ദൈവത്തിനോട് മാത്രമാണ് മാപ്പു പറയുക.

സമസ്ത – ലീഗ് തർക്കത്തിൻ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങള്‍ ചർച്ചചെയ്തെന്നും എന്നാല്‍ പൂർണമായി പരിഹരിച്ചിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേക്ക് വിവാദത്തിന് പിന്നാലെ ഹമീദ് ഫൈസി അമ്ബലക്കടവിനൊപ്പം ഉമർ ഫൈസി പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ടിരുന്നു. സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തുള്ള പരാമർശത്തിനെതിരെ കഴിഞ്ഞ മുശാവറ യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നതായും സൂചനയുണ്ട്.

കേക്ക് വിവാദത്തിൻ്റെ പശ്ചാത്തലത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ മുൻകൈ എടുത്താണ് ചർച്ച നടന്നത്. ഈ കൂടിക്കാഴ്ചയില്‍ സമസ്തയിലെ ലീഗ് വിരുദ്ധർ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നായിരുന്നു വാർത്തകള്‍. സാദിഖലി ശിഹാബ് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങള്‍ തീർന്നുവെന്നും തെറ്റിദ്ധാരണ മാറ്റിയെന്നും എസ് വെെഎസ് നേതാവ് ഹമീദ് ഫൈസി അമ്ബലക്കടവ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയില്‍ വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ച ചെയ്തത്. സംഘടനപരമായ കാര്യങ്ങള്‍ സംബന്ധിച്ച്‌ ചർച്ച നടന്നിട്ടില്ലെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.

ചില പ്രതികരണങ്ങള്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉണ്ടായ പ്രശ്നങ്ങള്‍ നേതാക്കള്‍ക്ക് ഇടയില്‍ അകല്‍ച്ച ഉണ്ടാക്കി. ആശയവിനിമയത്തിലുള്ള അപാകതയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു. തനിക്ക് തങ്ങളുമായുള്ള വ്യക്തിപരമായ തർക്കങ്ങള്‍ തീർന്നുവെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. അദ്ദേഹത്തിന് നിജസ്ഥിതി ബോധ്യപ്പെട്ടിട്ടുണ്ട്. ഉണ്ടായത് ധാരണ പ്രശ്നങ്ങളാണെന്ന് തങ്ങള്‍ക്ക് ബോധ്യമായി. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി സംഘടന രംഗത്തു നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചർച്ച നടത്തിയെന്നും തങ്ങളുമായുളള ഈ കൂടിക്കാഴ്ച കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തിരുന്നു.

അതേസമയം ഇന്ന് കോഴിക്കോട് നടന്ന ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുസ്ലിംലീഗിനെതിരെ പരോക്ഷ വിമർശനമുണ്ടായി.
സമസ്തക്ക് പോറലേല്‍ക്കുന്ന ഒന്നും ബാഫഖി തങ്ങള്‍ ചെയ്തില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. ബാഫഖി തങ്ങളെ മാതൃകയാക്കണം. പട്ടിക്കാട് ജാമിഅ യിലെ ഇടപെടലില്‍ അദ്ദേഹം സൂക്ഷ്മത പുലർത്തി. മത പരമായ കാര്യങ്ങളില്‍ പണ്ഡിതരുടെ ഉപദേശം സ്വീകരിച്ച അദ്ദേഹം രാഷ്ട്രീയത്തിനേക്കാളും മത വിശ്വാസത്തിന് പ്രാധാന്യം നല്‍കിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!