KSDLIVENEWS

Real news for everyone

നേമത്ത് കെ മുരളീധരന് സാധ്യത: കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, തൃപ്പൂണിത്തുറയില്‍ കെ. ബാബു

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. നേമത്ത് കെ. മുരളധീരൻ സ്ഥാനാർഥിയാകുമെന്ന് സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണ് വിവരം. അവസാന ഘട്ടത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പിൻമാറിയ സാഹചര്യത്തിലാണ് നേമത്ത ചർച്ചകൾ മുരളീധരന്റെ പേരിലേക്ക് എത്തിയത്.

നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന് നേരത്തെ തന്നെ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് സീറ്റിൽ മത്സരിക്കാനില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ബിജെപിയുടെ കൈവശമുള്ള നേമം പിടിച്ചെടുക്കാൻ കരുത്തൻ തന്നെ രംഗത്തിറങ്ങണമെന്ന നിർബന്ധമാണ് മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ മുരളീധരൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കുണ്ടറയിൽ പി.സി വിഷ്ണുനാഥ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ കെ.ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും മത്സരിച്ചേക്കും. ഇരുവർക്കും സംസ്ഥാന നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കനത്ത സമ്മർദ്ദമാണ് ബാബുവിന് തുണയായതെന്നാണ് വിവരം. നേരത്തെ സൗമിനി ജെയ്നിന്റെയും വേണു രാജാമണിയുടെയും പേരുകൾ തൃപ്പൂണിത്തുറയിൽ ഉയർന്നുവന്നെങ്കിലും ഒടുവിൽ ചർച്ചകൾ ബാബുവിലേക്കെത്തുകയായിരുന്നു.

വട്ടിയൂർക്കാവിൽ കെ.പി അനിൽകുമാറും കൊട്ടാരക്കരയിൽ ആർ. രശ്മിയും മത്സരത്തിനിറങ്ങും. കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. കൽപ്പറ്റ, നിലമ്പൂർ, പട്ടാമ്പി മണ്ഡലങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ ദിവസം രാത്രിയും ഏറെനേരം നീണ്ട ചർച്ചകൾ നടന്നെങ്കിലും തീരുമാനമായിട്ടില്ല. തർക്കങ്ങൾ നിലനിൽക്കുന്ന ചില മണ്ഡലങ്ങൾ ഒഴിച്ചുള്ള സ്ഥാനാർഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!