നിധിൻ രാജിന്റെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണം; അഡ്വക്കേറ്റ് സ്വലാഹുദ്ദീൻ അയ്യൂബി

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ ആർ. എൽ. നിധിൻ രാജിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്റുമായ അഡ്വക്കേറ്റ് സലാഹുദ്ദീൻ അയ്യൂബി ആവശ്യപ്പെട്ടു.
അധ്യാപകരിൽ നിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന ജാതി-വംശീയ അധിക്ഷേപങ്ങളെ തുടർന്നാണ് നിധിൻ ജീവിതം നഷ്ടപ്പെട്ടതെന്ന റിപ്പോർട്ടുകൾ ഏറെ ഗൗരവമുള്ളതും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതി, മത, വംശീയ വിവേചനങ്ങളെ എത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഈ സംഭവം വീണ്ടും ഓർമ്മപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിൽ, ത്വക്ക് നിറത്തെ അടിസ്ഥാനമാക്കി സഹപാഠികളിൽ നിന്ന് നേരിട്ട അപമാനങ്ങളെ തുടർന്ന് മിഹിർ എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക പുരോഗതി കൈവരിക്കുന്നതായി കരുതുന്ന സാഹചര്യത്തിലും, ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുപോലും ഇത്തരം വിവേചനങ്ങളും വിദ്വേഷ മനോഭാവങ്ങളും തുടരുന്നത് ആശങ്കാജനകതന്നെ മാണെന്ന് സലാവുദ്ദീൻ അയ്യൂബിt അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം ഉയരുന്നതിനൊപ്പം ഇത്തരം ചിന്തകൾ ഇല്ലാതാകുമെന്ന പ്രതീക്ഷയെ ഇത്തരം സംഭവങ്ങൾ ചോദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
നിധിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവേചനവും പീഡനവും തടയുന്നതിനുള്ള ശക്തമായ നിയമപരമായ സംവിധാനങ്ങൾ, പ്രത്യേകിച്ച് “രോഹിത് ആക്ട്”, നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിധിന്റെ കുടുംബം നടത്തുന്ന നിയമ പോരാട്ടത്തിന് പിഡിപിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രസ്താവനയിൽ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

