ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്ന് യുവതിയും യുവാവും; കൊല്ലത്ത് ട്രെയിൻ തട്ടി 2 മരണം

കൊല്ലം ∙ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ചു. വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് ഇടിച്ചത്. റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ കോട്ടയം എക്സ്പ്രസ് അരമണിക്കൂറോളം പിടിച്ചിട്ടു. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

