KSDLIVENEWS

Real news for everyone

നെതന്യാഹു യുഗത്തിന് അവസാനം : ഇസ്രയേലിൽ ഐക്യസർക്കാർ വിശ്വാസവോട്ട് നേടി

SHARE THIS ON

ജറുസലേം:ഇസ്രയേലിൽ 12 വർഷം നീണ്ട ബെഞ്ചമിൻ നെതന്യാഹു യുഗത്തിന് അന്ത്യം. ഞായറാഴ്ച പ്രതിപക്ഷകക്ഷികൾ രൂപവത്‌കരിച്ച ഐക്യസർക്കാർ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. 59-നെതിരേ 60 സീറ്റുനേടിയാണ് പ്രതിപക്ഷനേതാവ് യായിർ ലാപിഡ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചത്. എന്നാൽ ധാരണപ്രകാരം വലതുപക്ഷ നേതാവും യമിന പാർട്ടി അധ്യക്ഷനുമായ നഫ്ത്താലി ബെന്നറ്റിനാകും പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യഊഴം ലഭിക്കുക. 2023 സെപ്റ്റംബർവരെയാകും ബെനറ്റിന്റെ കാലാവധി. അതിനുശേഷം ലാപിഡ് ഭരിക്കും. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നും നേട്ടങ്ങൾ ഏറെയുള്ള നീണ്ടകാലത്തെ സേവനങ്ങൾക്ക് നെതന്യാഹുവിന് നന്ദി അറിയിക്കുന്നതായും പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബെനറ്റ് അറിയിച്ചു. 49-കാരനായ ബെന്നറ്റ് നെതന്യാഹുവിന് കീഴിൽ പ്രതിരോധമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക സമയം നാലുമണിക്ക് ചേർന്ന പാർലമെൻറിൽ അഞ്ചുമണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിലാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. എട്ടുപാർട്ടികൾ ഉൾപ്പെടുന്ന ഐക്യസർക്കാരിൽ റാം (അറബ് ഇസ്‌ലാമിസ്റ്റ്) പാർട്ടിയുമുണ്ട്. പതിറ്റാണ്ടുകൾക്കുശേഷമാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന അറബ് ജനതയെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി ഭരണത്തിൽ പങ്കാളിയാകുന്നത്. പലസ്തീൻ വിഷയത്തിൽ ഉൾപ്പെടെ നയപരമായ വ്യത്യാസങ്ങൾക്ക് ഇതു വഴിയൊരുക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. തുടർന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെതന്യാഹുവിൻറെ ലിക്യുഡ് പാർട്ടിക്ക് സർക്കാർ രൂപവത്‌കരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ നെതന്യാഹുവിന് ഇതിനുകഴിഞ്ഞില്ല. തുടർന്നാണ് സർക്കാർ രൂപവത്കരണ ശ്രമങ്ങളുമായി പ്രതിപക്ഷകക്ഷികൾ മുന്നോട്ടുപോയത്. അധികാരം നഷ്ടപ്പെട്ടത് അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് കനത്ത തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!