കുമ്പള പഞ്ചായത്തിൽ കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനു നടപടികൾ തുടങ്ങി
കുമ്പള: കുമ്പള പഞ്ചായത്തിൽ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിന് നടപടികൾ തുടങ്ങി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആശാവർക്കർ എന്നിവർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകി. രോഗികളെ നഴ്സ്, ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് പരിശോധിക്കും. പൾസ് ഓക്സി മീറ്റർ രോഗികൾക്ക് നൽകുകയും ഇത് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്യും. ദിവസവും ആരോഗ്യപ്രവർത്തകർ നൽകുന്ന ചാർട്ടിൽ നിർദ്ദേശമനുസരിച്ച് വിവരങ്ങൾ രേഖപ്പെടുത്തണം. 14 ദിവസത്തെ വിവരങ്ങൾ ഇങ്ങനെ രോഗി തന്നെ രേഖപ്പെടുത്തണം. രോഗം ഗുരുതരമായാൽ സാമൂഹിക ആരോഗ്യ കേന്ദ്രം ഡോക്ടറുടെ ശുപാർശയോടെ കൊവിഡ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റും. ആരോഗ്യപ്രവർത്തകർ ദിവസവും രാവിലെയും വൈകിട്ടും ഫോൺ മുഖേന വിവരങ്ങൾ ശേഖരിക്കും. നിരീക്ഷണത്തിൽ കഴിയാൻ വീട്ടിൽ സൗകര്യങ്ങൾ ഉണ്ടോയെന്ന് മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പരിശോധിക്കും. 65ന് മുകളിലും 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, മാരകരോഗങ്ങൾ ബാധിച്ചവർ, ഗർഭിണികൾ എന്നിവർ ഉള്ള വീടുകളിൽ കോവിഡ് പോസിറ്റീവ്കാർക്ക് തങ്ങാൻ ആകില്ല. പരിശീലനത്തിന് മെഡിക്കൽ ഓഫീസർ ഡോ. ദിവാകര റൈ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബി അഷറഫ്, എൻ എച്ച് എം കോഓർഡിനേറ്റർ കീർത്തന എന്നിവർ നേതൃത്വം നൽകി