സ്വാതന്ത്ര്യദിന പരേഡ് ഷെഡ്യൂളുകളില്ല. ചടങ്ങുകള്‍ പത്ത് മിനിറ്റ് മാത്രം; മാര്‍ച്ച് പാസ്റ്റും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധനയുമുണ്ടാവില്ല
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പത്ത് മിനിറ്റായി ചുരുക്കാന്‍ ആലോചന. പതാക ഉയര്‍ത്തലിനു ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗം അഞ്ചുമിനിറ്റ് മാത്രമായിരിക്കും. സേനാങ്ങളുടെ അഭിവാദ്യം സ്വീകരിക്കല്‍ മാത്രമാകും ഉണ്ടാവുക. മാര്‍ച്ച് പാസ്റ്റോ ഗാര്‍ഡ് ഓഫ് ഓണറോ ഉണ്ടാകില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് വൈകാതെ അന്തിമ ഉത്തരവിറക്കും.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ എല്ലാവര്‍ഷത്തെയും പോലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പ്രോട്ടോകോള്‍ പ്രകാരം വളരെ കുറച്ച് ഉദ്യോഗസ്ഥര്‍മാത്രമായിരിക്കും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുക്കുക.
അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്ബാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരരെന്നനിലയില്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്.
നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാന്‍ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം” – ഗവര്‍ണര്‍ ആശംസിച്ചു.