ഇരിയണ്ണിയിലും പരിസര പ്രദേശത്തും ഒരു വർഷത്തോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരണം; പിടികൂടാനുള്ള നടപടി ആരംഭിച്ച് വനംവകുപ്പ്

ഇരിയണ്ണി: ഒരു വർഷത്തോളമായി ഇരിയണ്ണിയിലും പരിസരപ്രദേശങ്ങളിലും വളർത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ ക്യാമറക്കണ്ണിൽ. കുണിയേരിക്കു സമീപം സ്ഥാപിച്ച അത്യാധുനിക ക്യാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്.അതേസമയം ഇക്കാര്യം വനംവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സാങ്കേതിക പ്രശ്നങ്ങൾ കാരണമാണു സ്ഥിരീകരണം വൈകുന്നതെന്നാണു സൂചന. പൂർണ വളർച്ചയെത്തിയ പുലിയുടെ ചിത്രമാണു ലഭിച്ചതെന്നാണു വിവരം.പുലിയുടെ ചിത്രം ലഭിച്ചതോടെ അതിനെ കൂടുവച്ച് പിടികൂടാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നു. ജില്ലയിൽ ആദ്യമായാണ് പുലിയെ പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് സ്വീകരിക്കുന്നത്.
തോണിപ്പള്ളം, ബെള്ളിപ്പാടി, പാണ്ടിയടുക്കം, മഞ്ചക്കൽ, കുറ്റിയടുക്കം, മിന്നംകുളം, കുട്ടിയാനം, മണിയംകോട്, ചീരംഗോഡ് തുടങ്ങി പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞപ്പോൾ കാട്ടുപൂച്ചയാകാമെന്ന പഴയ നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചിരുന്നത്.ദേലംപാടി മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി ചത്തതിനു ശേഷമാണ് ഇതും പുലിയാകാമെന്ന നിലയിലേക്കു വനംവകുപ്പ് എത്തിയത്. ഇതിനിടെ ഇരിയണ്ണി–കുണിയേരി റോഡിൽ പലതവണ യാത്രക്കാർ പുലിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു.
കൂട് 2 ദിവസത്തിനുള്ളിൽ
ദേശീയ കടുവ സംരക്ഷണ അതോറിറ്റി(എൻടിസിഎ) മാനദണ്ഡപ്രകാരം ഡിഎഫ്ഒ ചെയർമാനായി രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേർന്നു പുലിയെ പിടികൂടാൻ തീരുമാനിച്ചു. ഇതിന്റെ അനുമതിക്കായി ഇന്നലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകി.അനുമതി ലഭിക്കുന്ന മുറയ്ക്കു കൂട് സ്ഥാപിക്കാനുള്ള തീരുമാനത്തിലാണു വനംവകുപ്പ്. ആവശ്യമായ കൂട് 2 ദിവസത്തിനുള്ളിൽ എത്തിക്കും. ജീവനക്കാർക്കുള്ള സുരക്ഷാ ഉപകരണങ്ങളും ഉടനെ എത്തിക്കാൻ തീരുമാനമായി.
കുണിയേരി പുതിയവീടിലെ പി.ഗോപാലകൃഷ്ണന്റെ വീടിനു സമീപത്തു നിന്നു തെരുവുനായയെ പുലി പിടിക്കുന്നതു അദ്ദേഹവും മകനും കണ്ടതിനു പിന്നാലെയാണു വനംവകുപ്പ് പ്രദേശത്തു 4 ക്യാമറകൾ സ്ഥാപിച്ചത്. പുതിയതായി വാങ്ങിയ ക്യാമറകളാണ് 4 ഭാഗങ്ങളിലായി വച്ചത്. അതിലൊന്നിലാണ് പുലിയുടെ ചിത്രം ലഭിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നു രാത്രിയിലാണ് ഇരിയണ്ണിയിൽ ആദ്യമായി പുലിയെ കണ്ടത്. ഇരിയണ്ണി–പേരടുക്കം റോഡിൽ മുള്ളൻ പന്നിയെ കടിച്ചുപോകുന്ന പുലിയെ രാത്രി യാത്രക്കാർ കണ്ടെങ്കിലും കാട്ടുപൂച്ചയായിരിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. അവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചില്ല. പ്രദേശത്ത് ഒന്നിലേറെ പുലികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
കൂട്ടിലാക്കാൻ വൈകരുത്
ഇരിയണ്ണി ∙ വനംവകുപ്പിന്റെ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞ സാഹചര്യത്തിൽ അതിനെ കൂടുവച്ചു പിടികൂടാനുള്ള നടപടികൾ വൈകരുതെന്ന് നാട്ടുകാർ. ഒരു വർഷത്തോളമായി പുലിയെ നേരിട്ടു കണ്ടവർ പറഞ്ഞപ്പോഴും കാട്ടുപൂച്ചയെന്നു പറഞ്ഞു തള്ളിക്കളഞ്ഞ അധികൃതർ ഇപ്പോഴെങ്കിലും അംഗീകരിക്കാൻ തയാറായതു ശുഭസൂചനയായി ഇവർ കരുതുന്നു.
പുലിക്ക് പറ്റിയ ഇടമല്ല; എന്നിട്ടും..
പുലിയുടെ ഇരകളായ കാട്ടുമൃഗങ്ങൾ ഏറ്റവും കുറവുള്ള ഈ വനം അതിനു യോജിച്ച ആവാസ വ്യവസ്ഥയല്ല. കാട്ടിനുള്ളിൽ തീറ്റ കിട്ടാതെ വരുമ്പോൾ അവ സ്വാഭാവികമായും നാട്ടിലിറങ്ങും. ഇരിയണ്ണി വനത്തിന്റെ നാലുഭാഗത്തും ജനവാസ മേഖലകളാണ്. ഏതുഭാഗത്തേക്കു ഇറങ്ങിയാലും നാട്ടിലെത്തും. കഴിഞ്ഞ ഒരു വർഷത്തിനിടെ ബേപ്പ് തോണിപ്പള്ളം മുതൽ ദർഘാസ് വരെയുള്ള വീടുകളിൽ നിന്നു മാത്രം നഷ്ടപ്പെട്ടതു അൻപതോളം വളർത്തു നായകളെയാണ്. മുളിയാർ ചീരംഗോഡ് പശുക്കിടാവിനെയും കടിച്ചുകൊന്നു.
പുലിപ്പേടിക്ക് വിരാമമാകുമോ?
ഇരിയണ്ണി–കുണിയേരി റോഡിൽ പലതവണ നാട്ടുകാർ നേരിട്ടു പുലിയെ കണ്ടിരുന്നു. രാത്രി 7 മണി മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് കണ്ടത്. അപ്പോഴൊന്നും വനംവകുപ്പ് അംഗീകരിക്കാൻ തയാറായില്ലെങ്കിലും കണ്ടവരൊക്കെയും പറഞ്ഞതു പുലി തന്നെയാണ് എന്നായിരുന്നു. കുണിയേരി, മിന്നംകുളം, ചൊട്ട, ദർഘാസ്, ചെറ്റത്തോട്, വെള്ളാട്ട്, ഓലത്തുകയ, കുട്ടിയാനം, തീയ്യടുക്കം, അംബൾമൂല, അരിയിൽ പ്രദേശങ്ങളിലെ മുന്നൂറിലേറെ വീട്ടുകാർക്കുള്ള ഏക റോഡാണിത്.
സ്കൂൾ കുട്ടികൾ നടന്നുപോകുന്നതും ഈ റോഡിലൂടെയാണ്. പുലർച്ചെ 6 മുതൽ കുട്ടികൾ പോകുന്നുണ്ട്. പുലിയെ കണ്ടതോടെ രക്ഷിതാക്കൾ ഭയപ്പാടിലാണ്. ട്യൂഷൻ, മദ്രസ തുടങ്ങിയ സ്ഥലങ്ങളിലേക്കു അതിരാവിലെ തന്നെ പോകുന്ന കുട്ടികളുണ്ട്. പല വീടുകളുടെയും മുറ്റങ്ങളിൽ നിന്നാണു രാത്രി പട്ടിയെ പിടിച്ചതും. വീട്ടുമുറ്റത്തു പുലിയുടെ കാൽപാടുകളും കണ്ടിരുന്നു. അതുകൊണ്ടു ഏതുസമയത്തും അതു ആളുകളെ ആക്രമിക്കുമെന്നു നാട്ടുകാർ ഭയക്കുന്നു.
ഒന്നിലേറെ പുലി ഉണ്ടെന്നും ഇവർ പറയുന്നു. മിന്നംകുളത്തെ നാരായണൻ നായർ 2 തവണ നേരിട്ടു കണ്ടതു 2 തരത്തിലുള്ള പുലികളെയാണ്.ഒന്ന് വലുതും രണ്ടാമത്തേതു ചെറുതും. ബേപ്പ് മണിയംകോടിൽ വൈകുന്നേരം നടക്കാനിറങ്ങിയ ഒരാൾ 2 പുലിക്കുഞ്ഞുങ്ങളെയും കണ്ടിരുന്നു.

