ബിഹാർ കണ്ട് ഞെട്ടേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കണ്ടത് തന്നെയാണ് ബിഹാറിലും സംഭവിച്ചതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞജയ് റാവത്ത് എംപി. ബിഹാറിലെ ഫലം കണ്ട് ഞെട്ടേണ്ട കാര്യമില്ലെന്നും, പതിവ് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനും, ബിജെപിയും കൈകോർത്ത് ഒത്തുകളിച്ച് നേടിയ വിജയമാണിതെന്നും സഞജയ് റാവത്ത് പറഞ്ഞു.
ബിഹാറിൽ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വൻ മാർജിനിൽ ഭരണം നിലനിർത്തുകയും, ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ശിവസേന രംഗത്തെത്തിയത്. ബിജെപിയും, തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ദേശീയ അജണ്ട നടപ്പിലാക്കുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായൊരു വിധി പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
‘ബീഹാർ തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞെട്ടേണ്ട. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും കൈകോർത്ത് ദേശീയ അജണ്ട നടപ്പാക്കുമ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായൊരു ഫലം പ്രതീക്ഷിക്കേണ്ടതില്ല. ബിഹാറിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച മഹാസഖ്യം 50നും താഴെയായി ചുരുങ്ങി’ -എക്സ് പോസ്റ്റിലൂടെ സഞ്ജയ് റാവത്ത് കുറിച്ചു.

