KSDLIVENEWS

Real news for everyone

അര്‍ജന്റീന ഫൈനലില്‍: ക്രൊയേഷ്യയ്ക്കും തടയാനായില്ല

SHARE THIS ON

ദോഹ: ചുംബിക്കുന്നെങ്കില്‍ ഈ പാദം ചുംബിക്കണം. വാഴ്ത്തുന്നെങ്കില്‍ ഈ നാമം വാഴ്ത്തണം. ലയണല്‍ മെസ്സി… ഈ പേരിനോട് അര്‍ജന്റീന മാത്രമല്ല, മാന്ത്രിക ഫുട്ബോളിന്റെ ആരാധകരെല്ലാം കടപ്പെട്ടിരിക്കുന്നു. അതായിരുന്നു സെമി കണ്ട അത്ഭുതം. പലകുറി ആവര്‍ത്തിച്ച് ചാരുത ചോര്‍ന്ന പദമെങ്കിലും വസന്തമായി വിടര്‍ന്നു വിലസിയ ഈ മെസ്സി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസ്സങ്ങളെല്ലാം നിഷ്പ്രഭം. നാലു കൊല്ലം മുന്‍പത്തെ മാനക്കേടിന് അതേ നാണയത്തില്‍ തിരിച്ചടിച്ച്, ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. അല്‍വാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. മുപ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസ്സിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ആല്‍വരസ് ലീഡ് ഇരട്ടിയാക്കി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ മെസ്സിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് ആല്‍വരസ് തന്നെ വിജയം ഉറപ്പിച്ച് ഒരിക്കല്‍ക്കൂടി വല കുലുക്കി.

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഫൈനലില്‍ മൊറോക്കോയോ ഫ്രാന്‍സോ ആയിരിക്കും മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതല്‍ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!