KSDLIVENEWS

Real news for everyone

കോടികള്‍ തട്ടിയ കോഴിക്കോട് പി.എന്‍.ബി മാനേജറെ രണ്ടാഴ്ചയായിട്ടും പിടികൂടാനാവാതെ ക്രൈംബ്രാഞ്ച്

SHARE THIS ON

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിലെ (പി.എന്‍.ബി) വിവിധ അക്കൗണ്ടുകളില്‍നിന്ന് കോഴിക്കോട് കോര്‍പറേഷന്റെതടക്കം 10 കോടിയില്‍പരം രൂപ തട്ടിയ സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം. ബാങ്കിലെ മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജിലിനെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.

തട്ടിപ്പുനടന്ന പി.എന്‍.ബി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് ശാഖയിലെ നിലവിലെ സീനിയര്‍ മാനേജര്‍ സി.ആര്‍. വിഷ്ണുവിന്റെ പരാതിയില്‍ ഡിസംബര്‍ 29നാണ് ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വന്‍ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമികാന്വേഷണത്തില്‍തന്നെ വ്യക്തമായതോടെ സിറ്റി പൊലീസ് മേധാവി എ. അക്ബര്‍ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. അസി. കമീഷണര്‍ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണിപ്പോള്‍ കേസന്വേഷിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത ഡിസംബര്‍ 29 മുതല്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണം കാര്യക്ഷമമാകുന്നില്ല. പ്രതിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഇയാള്‍ പോവാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.

പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഉടന്‍ പിടയിലാവുമെന്നും കേസന്വേഷിക്കുന്ന ടി.എ. ആന്റണി പറഞ്ഞു. ഇയാളുടെ ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇനി ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ല കോടതി തള്ളിയിരുന്നു. ഇതോടെ ഇയാള്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. തട്ടിയെടുത്ത തുകയില്‍ 10 കോടിയില്‍പരം രൂപ ഓഹരിക്കമ്ബോളത്തിലാണ് നിക്ഷേപിച്ചത്. എന്നാല്‍, ഇതിലൊരു തുകപോലും തിരിച്ചുവന്നിട്ടില്ലെന്നാണ് ലഭ്യമായ തെളിവുകളില്‍നിന്ന് അന്വേഷണസംഘത്തിന് വ്യക്തമായത്. തട്ടിപ്പ് നടത്തിയതിനുപിന്നാലെ എരഞ്ഞിപ്പാലം ശാഖയിലേക്ക് മാറിയ ഇയാളെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പായതിനാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!