ജില്ലയ്ക്ക് ആശ്വാസം; മൂന്ന് മാസത്തിനിടെയ്ക്ക് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു

കാഞ്ഞങ്ങാട്
: കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ കാസർകോടിന് വലിയ ആശ്വാസം പകരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഒരുദിവസം 500 ലേറെ പോസിറ്റീവ് കേസുകളുണ്ടായ ജില്ലയാണിത്. മൂന്നുമാസത്തെ കണക്കെടുത്താൽ അത് കുത്തനെ കുറയുന്നതായി മനസ്സിലാക്കാം. ഒന്നരമാസത്തിനിടെ പ്രതിദിനം നൂറിൽ കൂടിയത് അഞ്ചുതവണ മാത്രം. കഴിഞ്ഞ 15 ദിവസമായി ഒരുദിവസത്തെ പോസിറ്റീവ് കേസുകൾ നൂറിൽ കൂടിയിട്ടുമില്ല. അതേസമയം സാമ്പിൾ പരിശോധന കുറഞ്ഞിട്ടില്ലെന്നും ആരോഗ്യവകുപ്പിന്റെ കണക്കിൽ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് 1500-നും 2000- ത്തിനുമിടയിലായിരുന്നു പ്രതിദിന സാമ്പിൾ പരിശോധന. അതേ രീതിയിൽ തന്നെയാണ് ഇപ്പോഴും പരിശോധന നടക്കുന്നത്. രണ്ടു ലക്ഷത്തിലധികം ആളുകളുടെ സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരി മൂന്നിനാണ് ആദ്യ പോസിറ്റീവ് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത മൂന്നാമത്തെയാൾ.
ജില്ലയിലെ ഈ പോസിറ്റീവ് കേസ് ഉണ്ടായിട്ട് ഒരുവർഷമാകുന്നു. ആദ്യ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത് ഒരുമാസം കഴിഞ്ഞപ്പോൾ കൂടുതൽ കേസുകൾ വന്നുതുടങ്ങി. ജൂലായ് 22-ന് രോഗികളുടെ പ്രതിദിന എണ്ണം 100 കടന്നു. ഓഗസ്റ്റിൽ 200 ഉം തൊട്ടടുത്ത മാസം അത് മൂന്നുറിലേക്കും നാനൂറിലേക്കുമെത്തി. ഒക്ടോബർ 10-നാണ് ഒരുദിവസത്തെ ഏറ്റവും കൂടുതൽ രോഗികളുടെ കണക്ക് പുറത്തുവന്നത്. 539 പേർക്കായിരുന്നു പോസിറ്റീവ്. പിന്നീട് പെട്ടെന്നാണ് കുറഞ്ഞു തുടങ്ങിയത്. പ്രതിദിന കണക്കിൽ ഡിസംബർ 14-ന് വെറും 15 രോഗികൾ മാത്രമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുമുതൽ അഞ്ചുവരെ
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.50 മുതൽ 9.59 വരെയാണ്. എന്നാൽ കാസർകോട് ജില്ലയിലത് രണ്ടുമുതൽ അഞ്ചുവരെയാണ്. കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കാസർകോടിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഏതാനും ദിവസം മുൻപ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കാസർകോട്ടെത്തിയപ്പോൾ കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നത് ചൂണ്ടിക്കാട്ടി ഇവിടത്തെ ആരോഗ്യവിഭാഗത്തെ അഭിനന്ദിച്ചിരുന്നു.
ചികിത്സയിലുള്ളത് ആയിരത്തിൽ താഴെപ്പേർ മാത്രം
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 763 പേർ. സംസ്ഥാനത്ത് ആയിരത്തിൽ താഴെ രോഗികൾ ഉള്ളത് ഈ ജില്ലയിൽ മാത്രം. കാൽലക്ഷത്തോളം പേർക്കാണ് ജില്ലയിൽ കോവിഡ് ബാധിച്ചത്
പട്ടികയിൽ ഈ ജില്ലയ്ക്കു താഴെ വയനാടും ഇടുക്കിയും മാത്രമാണ്. തൊട്ടടുത്ത കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 42320 പേർക്കാണ് ഇതുവരെ പോസിറ്റീവായത്.

